ഹോട്ടലുകളിൽ വൃത്തിയില്ല: ഇന്ത്യൻ റസ്റ്ററന്റുകൾ അടക്കം അഞ്ചെണ്ണത്തിനു പൂട്ടുവീണു

സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് പ്രവർത്തിക്കുന്ന അഞ്ചു ഹോട്ടലുകൾക്കു പൂട്ടിടാൻ സർക്കാർ തീരുമാനം. വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെ തുടർന്ന് 5 ഭക്ഷണശാലകൾക്കാണ് കഴിഞ്ഞ മാസം വിലക്ക് ഏർപ്പെടുത്തിയത്. ഉപഭോക്താക്കളുടെ ആരോഗ്യം കണക്കിലെടുത്താണ് ഹോട്ടലുകൾ അടപ്പിച്ചതെന്നു ഭക്ഷ്യ സുരക്ഷാ ചീഫ് ഡോക്ടർ പമീല ബൈൻ അറിയിച്ചു. 1998 ലെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് ലീമെറിക് എക്‌സ്പ്രസ്സ് പിസ, ഇന്ത്യൻ റസ്റ്റോറന്റ് റിച്ച്‌മോണ്ട് സ്ട്രീറ്റിലുള്ള പഞ്ചാബ് പാൻട്രി, ലോത്തിൽ സൈനർജി സബ്‌സ് ലിമിറ്റഡ് എന്നീ മൂന്ന് ഹോട്ടലുകൾക്കാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് തുറന്ന് പ്രവർത്തിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത്.
2010 ലെ മറ്റൊരു ഭക്ഷ്യ നിയന്ത്രണ നിയമമനുസരിച്ച് ഡബ്ലിനിലെ ജലാപ്പനോ മെക്‌സിക്കൻ കയ്‌സിനെ ലിമിറ്റഡ്, ടിപ്പർനിയിലെ കുളാണ്ടൻ ഫിഷ് ആൻഡ് ചിഫ്‌സ് എന്നീ ഹോട്ടലുകളുമാണ് അടച്ചിടേണ്ടി വന്നിരിക്കുന്നത്. ഭക്ഷ്യവ്യാപാരത്തിൽ പൊതുജന ആരോഗ്യത്തിനു ഹാനികരമാകുന്ന ഘടകങ്ങൾ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഹോട്ടലുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചത്. ശുചിത്വമില്ലായ്മ, ഭക്ഷണ പദാർത്ഥങ്ങളിൽ അളവിൽ കൂടുതൽ രാസവസ്തുക്കളുടെ ഉപയോഗം, പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങൾ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളായി പരിഗണിക്കപ്പെടും.
Top