വാടകപ്രതിസന്ധി രൂക്ഷം: ജോലിക്കാർക്കു താമസിക്കാൻ ഇടം ലഭിക്കുന്നില്ലെന്നു കമ്പനി മേധാവികൾ

സ്വന്തം ലേഖകൻ
ഡബ്ലിൻ:അയർലണ്ടിലെ വാടകപ്രതിസന്ധി വിവിധ ജോലികൾക്ക് വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനെ ബാധിക്കുന്നതായി കമ്പനി മേധാവികൾ. വീടുകളുടെ വാടക കുതിച്ചുയരുന്നതിനാൽ ജോലിക്കാർക്ക് താമസിക്കാൻ ഇടം ലഭിക്കുന്നില്ല എന്ന് പത്തിൽ നാല് തൊഴിൽദാതാക്കളും പറയുന്നു. വാടക ഇനിയും കൂടുകയാണെങ്കിൽ തൊഴിലാളികൾ ജോലി വിട്ട് പോകാൻ സാധ്യതയുണ്ടെന്നും ഇവർ ഭയക്കുന്നു. 500 തൊഴിൽദാതാക്കളെയും, 2,500 തൊഴിലാളികളെയും പങ്കെടുപ്പിച്ച് സൺഡേ ഇൻഡിപെൻഡന്റ് നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നിട്ടുള്ളത്. റിക്രൂട്ട്‌മെന്റ് കമ്പനിയായ അബ്രിവിയ, ട്രിനിറ്റി കോളജ് ഡബ്ലിനിലെ ബിസിനസ് സ്‌കൂൾ എന്നിവർ ചേർന്നാണ് സർവേ നടത്തിയത്.
ഡബ്ലിനു പുറത്തുനിന്നെത്തി നഗരത്തിൽ താമസിച്ചു ജോലി ചെയ്യുന്ന തൊഴിലാളികളിൽ 47% തങ്ങൾക്ക് 20%മോ അതിനു മുകളിലോ ശമ്പളവർദ്ധനവ് ആവശ്യമാണെന്ന് സർവേയിൽ പ്രതികരിച്ചു. ഐസിടി മേഖലയിൽ പ്രവർത്തിക്കുന്ന 58% കമ്പനികളും വാടക വർദ്ധനവ് കാരണം തൊഴിലാളികളെ കിട്ടുന്നില്ല എന്ന് പ്രതികരിച്ചു. അക്കൗണ്ടൻസി, മാനുഫാക്ച്വറിങ്, റീട്ടെയിൽ, കൺസ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളും തൊഴിലാളികളെ കിട്ടാതെ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്. ഇതിനെത്തുടർന്ന് 2017ൽ തൊഴിലാളികൾക്ക് 5% വരെ ശമ്പളം വർദ്ധിപ്പിച്ചു നൽകാൻ 10ൽ എട്ട് കമ്പനികളും തീരുമാനിച്ചിരിക്കുകയാണ്. 72% കമ്പനികൾ തൊഴിലാളികൾക്ക് ബോണസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ബ്രെക്‌സിറ്റും റിക്രൂട്ടമെന്റിന് ഭീഷണിയുയർത്തുന്നുണ്ട്.
Top