ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം മലയാളിക്ക്. കണ്ണൂര്‍ സ്വദേശിക്കാണ് ഒന്നാം സമ്മാനം. തലശ്ശേരിക്കടുത്ത് പുല്ലൂക്കര സ്വദേശി മേലേടത്ത് അബ്ദുല്‍ ലത്തീഫാണ് ഒന്നരലക്ഷം ദിര്‍ഹമിന്റെ കാഷ് പ്രൈസിനും ഇന്‍ഫിനിറ്റി കാറിനും അര്‍ഹനായത്.
കാഷ് പ്രൈസും കാറും കൂടി മൊത്തം മൂന്നുലക്ഷം ദിര്‍ഹം (55.6 ലക്ഷം ഇന്ത്യന്‍ രൂപയോളം) മൂല്യം വരുന്ന നേട്ടമാണിത്. ഗ്ലോബല്‍ വില്ലേജില്‍ നടന്ന ചടങ്ങില്‍ ലത്തീഫ് സമ്മാനം ഏറ്റുവാങ്ങി. കറാമയില്‍ അല്‍ മദീന സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ലത്തീഫ്. 28 വര്‍ഷമായി ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.
എല്ലാവര്‍ഷവും ലത്തീഫ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഷെയറായി നറുക്കെടുപ്പ് കൂപ്പണ്‍ എടുക്കാറുണ്ട്. ഇത്തവണ 200 ദിര്‍ഹമിന്റെ കൂപ്പണ്‍ ഒറ്റയ്ക്ക് എടുക്കുകയായിരുന്നു. അതില്‍ ഭാഗ്യസമ്മാനം ലത്തീഫിനെ തേടിയെത്തുകയും ചെയ്തു.2016 ഡിസംബര്‍ 26 നാണ് ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ 22ാമത് ഡിഎസ്എഫ് ആരംഭിച്ചത്. 34 ദിവസം നീണ്ടുനിന്ന വ്യാപാര മാമാങ്കം സമാപിച്ചപ്പോള്‍ മുന്‍ വര്‍ഷത്തേക്കാള്‍ വന്‍ വ്യാപാര നേട്ടമായെന്നാണ് വിലയിരുത്തല്‍.
ഷോപ്പിംഗിനു പുറമേ ഹോസ്പിറ്റാലിറ്റി, ട്രാവല്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ് തുടങ്ങിയ മേഖലകളിലും ഡിഎസ്എഫ് സജീവമായി നില നിന്നു. ഫെസ്റ്റിവല്‍ കാലയളവില്‍ ദുബായ് ഷോപ്പിങ് മാള്‍ ഗ്രൂപ്പ് പത്ത് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി നല്‍കിയത്. വെടിക്കെട്ടുകളും വിവിധ കലാപരിപാടികളും ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്. ഉപഭോക്താക്കള്‍ക്ക് ചില ഉല്‍പനങ്ങളില്‍ 75% മുതല്‍ 90% വരെ ഡിസ്‌കൗണ്ട് നിരക്കില്‍ ഡിഎസ്എഫില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയുമായിരുന്നു.മുന്‍കാല ഫെസ്റ്റിവലുകളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ 24 മണിക്കൂറും നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് മേളയാണ് ക്രമീകരിച്ചിരുന്നത്. ദുബായിലെ മാളുകളും ഉയര്‍ന്ന വ്യാപാരം രേഖപ്പെടുത്തിയിട്ടുണ്ട്.


