സ്വന്തം ലേഖകൻ
ദമ്മാം: കേന്ദ്രധനകാര്യമന്ത്രി അരുൺ ജെറ്റ്‌ലീ അവതരിപ്പിച്ച മോഡി സർക്കാരിന്റെ 2017ലെ ബജറ്റിൽ, കോടിക്കണക്കിനു വരുന്ന പ്രവാസികളെയും, കേരളസംസ്ഥാനത്തേയും അവഗണിച്ചത് പ്രതിഷേധാർഹമാണെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.
വലിയ പ്രതീക്ഷകളോടെയാണ് പ്രവാസികൾ കേന്ദ്രബജറ്റ് പ്രഖ്യാപനങ്ങൾക്ക് കാതോർത്തിരുന്നത്. എന്നാൽ ബജറ്റിൽ, ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലുമടക്കം മാറിവരുന്ന സാമ്പത്തിക,സാമൂഹിക സാഹചര്യങ്ങൾ മൂലം മടങ്ങിവരവിന്റെ സമ്മർദ്ദത്തിലായിരിയ്ക്കുന്ന പ്രവാസികൾക്കായി, പുതിയ പുനരധിവാസപദ്ധതികൾ ഒന്നും പ്രഖ്യാപിച്ചില്ല എന്ന് മാത്രമല്ല, പ്രവാസിക്ഷേമത്തിനായി ആവശ്യമായ തുക മാറ്റി വെയ്ക്കാൻ പോലും തയ്യാറാകാത്തത് ഏറെ നിരാശാജനകമാണ്. പ്രധാനമന്ത്രി ഗൾഫ് സന്ദർശനസമയത്തു നടത്തിയ വാഗ്ദാനപ്രസംഗങ്ങളോ, പ്രവാസിദിവസ് അനുബന്ധിച്ചു നടത്തിയ പ്രഖ്യാപനങ്ങളോ ഒന്നും ബജറ്റിൽ ഉൾകൊള്ളിയ്ക്കാൻ തയാറാകാത്ത മോഡി സർക്കാർ, പ്രവാസികളോട് മാപ്പ് പറയുകയാണ് വേണ്ടത്.
കേരളസംസ്ഥാനത്തോട് ചിറ്റമ്മനയം പുലർത്തുന്ന കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ ദീർഘകാലആവശ്യങ്ങളായ ഐ.ഐ.ടി, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവ അനുവദിക്കാൻ തയ്യാറായില്ല. റബർ വിലസ്ഥിരതാ ഫണ്ടിലേക്ക് കേന്ദ്രസഹായമായി 1000 കോടി രൂപ അനുവദിക്കുക, റബറിന്റെ ഇറക്കുമതിച്ചുങ്കം 25 ശതമാനത്തിൽനിന്ന് 40 ശതമാനമായി ഉയർത്തുക, മലബാർ ക്യാൻസൻ സെന്ററിനെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച് സെന്ററായി ഉയർത്തുക, തിരുവനന്തപുരം ആർസിസിയെ ദേശീയ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടായി പ്രഖ്യാപിക്കുക, ശബരിമലയെ ദേശീയ തീർഥാടനകേന്ദ്രമായി ഉയർത്തുക, പാലക്കാട് റെയിൽവേ കോച്ച് ഫാക്ടറിയുടെ നിർമാണത്തിന് ആവശ്യമായ തുക അനുവദിക്കുക, സബർബൻ റെയിൽ സർവീസ് ആരംഭിക്കുന്നതിന് ധനസഹായം അനുവദിക്കുക, നിലമ്പൂർനഞ്ചൻകോട് റെയിൽപാതയുടെ നിർമാണത്തിന് ആവശ്യമായ പണം അനുവദിക്കുക, സ്വച്ഛ്ഭാരത്, തൊഴിലുറപ്പ് പദ്ധതികളിൽ തോട്ടംമേഖലയെയും ഉൾപ്പെടുത്തുക, ഡയറി കോഓപ്പറേറ്റിവ്് സൊസൈറ്റിക്കുകീഴിൽ രജിസ്റ്റർചെയ്ത പ്രാഥമിക സഹകരണസംഘങ്ങളെ ആദായനികുതിയിൽനിന്ന് ഒഴിവാക്കുക, സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ സാമ്പത്തികസുരക്ഷിതത്വത്തിനായി ആദായനികുതി നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തുക തുടങ്ങിയ ഒരു ആവശ്യവും കേന്ദ്രം പരിഗണിച്ചില്ല.
ബജറ്റ് അവതരണം മുടങ്ങാതിരിയ്ക്കാൻ, നിലവിൽ എം.പിയും, മുൻകേന്ദ്രമന്ത്രിയുമായിരുന്നു ഇ.അഹമ്മദ് സാഹിബിന്റെ അപ്രതീക്ഷിതമരണവാർത്ത ഒളിപ്പിച്ചു വെച്ച്, ജനാധിപത്യത്തെ കൊഞ്ഞനം കാട്ടി, മനുഷ്യത്വരഹിതമായ നാടകം കളിച്ച മോഡി സർക്കാർ ഇന്ത്യൻ ജനാധിപത്യത്തിനും, സംസ്‌കാരത്തിനും തന്നെ അപമാനമാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്.
ഇ.അഹമ്മദിന് ആദരാഞ്ജലികൾ അർപ്പിച്ച നവയുഗം കേന്ദ്രകമ്മിറ്റി, കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രവാസികൾ ശക്തമായി പ്രതിഷേധിയ്ക്കണമെന്ന് ആഹ്വാനം ചെയ്തു.


