വിജയമുദ്ര കോഴിക്കോട് പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ
കോഴിക്കോട്്. കഠിനാദ്ധ്വാനത്തിലൂടെ ഖത്തറിന്റെ ഭൂമികയിൽ തങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത പ്രമുഖരായ മലയാളി സംരഭകരെ പരിചയപ്പെടുത്തി മീഡിയ പഌ് പ്രസിദ്ധീകരിച്ച വിജയ മുദ്രയുടെ ഇന്ത്യയിലെ പ്രകാശനം കോഴിക്കോട് മഹാറാണി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.പി സുധീരക്ക് ആദ്യ പ്രതി നൽകി കോഴിക്കോട് എം.പി എം.കെ രാഘവൻ നിർവ്വഹിച്ചു
എന്നും പുതിയ ആശയങ്ങളും നൂതന സംവിധാനങ്ങളും ഖത്തർ മാർക്കറ്റിൽ അവതരിപ്പിച്ച മീഡിയ പ്‌ളസ് ടീമിന്റെ പുതിയ പദ്ധതിയായ വിജയ മുദ്ര സംരംഭകർക്കും പൊതുജനങ്ങൾക്കും കൗതുകകരമാകുമെന്ന് മീഡിയ പഌ് സി.ഇ.ഒ.യും വിജയ മുദ്ര ചീഫ് എഡിറ്ററുമായ അമാനുല്ല വടക്കാങ്ങര അറിയിച്ചു. ഖത്തർ മലയാളി മാന്വൽ എന്ന പ്രസിദ്ധീകരണവേളയിൽ ലഭിച്ച പ്രതികരണങ്ങളും നിർദേശങ്ങളും പരിഗണിച്ചാണ് ഇത്തരമൊരു സംരംഭവുമായി ഞങ്ങൾ മുന്നോട്ടു വന്നത്. ബഹുവർണ പുസ്തക രൂപത്തിലും ഇലക്ട്രോണിക് മീഡിയയിലൂടേയും വിവരങ്ങൾ രേഖപ്പെടുത്തുകയും സോഷ്യൽ മീഡിയയും സാങ്കേതിക സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി ലോക മലയാളി സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ കാലദേശാതിർത്തികൾ കടന്ന് ആഗോള മലയാളിയുടെ മുന്നേറ്റത്തിന്റെ ഭാഗമാകുന്ന വലിയൊരു സംരംഭമാകുമിതെന്നാണ് അണിയറ ശിൽപികൾ കണക്കുകൂട്ടുന്നത്.
ഖത്തറിലെ വാണിജ്യരംഗത്ത് ഇന്ന് അറിയപ്പെടുന്ന പലരും ഈ നിലയിലെത്തിയതിന് പിന്നിൽ അശ്രാന്ത പരിശ്രമങ്ങളുടേയും കഷ്ടപ്പാടുകളുടേയും ഒട്ടേറെ കഥകളുണ്ട്. ഈ പരിശ്രമ ശാലികളുടെ ചരിത്രവും അനുഭവങ്ങളും പുതിയ തലമുറക്ക് പ്രചോദനമാകുമെന്നതിനാലും ചരിത്രത്തിന്റെ ഭാഗമായ പ്രവർത്തനങ്ങൾ രേഖപ്പെടുത്തപ്പെടേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവാണ് ഈ ശ്രമത്തിന് പ്രേരകം. ഒരു പക്ഷേ ഔപചാരിക വിദ്യാഭ്യാസത്തിന്റെ പിമ്പലം പോലുമില്ലാതെയാണ് പല ബിസിനസ് പ്രമുഖരും തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇത് മാനേജ്‌മെന്റ് വിദ്യാർഥികൾക്കും ഗവേഷകർക്കും വരെ കൗതുകം നൽകുന്നതാണ്. പ്രവാസി സംരംഭകരെക്കുറിച്ച് ഗവേഷണ പഠനത്തിനും അന്വേഷണങ്ങൾക്കും ഇത് ഒരു വഴികാട്ടിയാകുമെന്നാണ് വിജയമുദ്ര ടീം പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് നടന്ന ചടങ്ങിൽ മീഡിയ പഌ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര, കെ. ചന്ദ്രശേഖരൻ, മുഹമ്മദ് കോയ നടക്കാവ്, ഉസ്മാൻ ഇരുമ്പുഴി, ഡോ. അനിൽ കുമാർ, ശുക്കൂർ കിനാലൂർ, യതീന്ദ്രൻ മാസ്റ്റർ, സി.കെ റാഹേൽ തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിലെ പ്രമുഖ ലൈബ്രറികൾ, നോർക്കയുടെ വിവിധ സ്ഥാപനങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലും വിജയമുദ്രയുടെ കോപ്പികൾ വിതരണം ചെയ്യും. വിജയ മുദ്ര പൂർണ്ണമായും http://www.internationalmalayaly.com/hh.php?id=37 എന്ന ലിങ്കിൽ ലഭ്യമാണ്.
ഫോട്ടോ : മീഡിയ പഌ് പ്രസിദ്ധീകരിച്ച വിജയമുദ്രയുടെ ഇന്ത്യയിലെ പ്രകാശനം കെ.പി സുധീരക്ക് ആദ്യ പ്രതി നൽകി കോഴിക്കോട് എം.പി എം.കെ രാഘവൻ നിർവ്വഹിക്കുന്നു.
Top