സ്വന്തം ലേഖകൻ
ദമ്മാം: സ്‌പോൺസറുടെ പിടിവാശി മൂലം നാലുമാസക്കാലം വനിതാഅഭയകേന്ദ്രത്തിൽ കഴിയേണ്ടിവന്ന ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ഹൈദരാബാദ് സ്വദേശിനിയും, ബാംഗ്ലൂരിൽ താമസക്കാരിയുമായ നസ്രീൻ സുൽത്താന, ഒൻപതു മാസങ്ങൾക്ക് മുൻപാണ് ജുബൈലിലെ ഒരു സൗദി കുടുംബത്തിൽ ജോലിക്കാരിയായി എത്തിയത്. അഞ്ചുമാസക്കാലം രാപകൽ വിശ്രമമില്ലാതെ ജോലി ചെയ്തിട്ടും, ഒരു മാസത്തെ ശമ്പളമേ നസ്രീന് ആ വീട്ടുകാർ കൊടുത്തുള്ളൂ. കുടിശ്ശിക ശമ്പളം ചോദിച്ചാൽ, ശകാരവും, ഭീക്ഷണിയും മാത്രമേ കിട്ടിയിരുന്നുള്ളൂ. ഒടുവിൽ സഹികെട്ട് നസ്രീൻ ആ വീട് വിട്ടിറങ്ങി ദമ്മാമിൽ എത്തുകയും, ദമ്മാമിലെ ഇന്ത്യൻ എംബസ്സി ഹെൽപ്പ്‌ഡെസ്‌ക്കിൽ പോയി പരാതി പറയുകയും ചെയ്തു. എംബസ്സി അധികൃതർ അവരെ സൗദി പോലീസിന്റെ സഹായത്തോടെ ദമ്മാമിലെ വനിതാഅഭയകേന്ദ്രത്തിൽ കൊണ്ടുചെന്നാക്കി.
വനിതഅഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് നസ്രീൻ നാട്ടിലേയ്ക്ക് മടങ്ങിപ്പോകാൻ സഹായിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും നസ്രീന്റെ സ്‌പോൺസറെ ബന്ധപ്പെടുകയും, ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയും ചെയ്‌തെങ്കിലും, തനിയ്ക്ക് ഇരുപതിനായിരം റിയാൽ നഷ്ടപരിഹാരം നൽകിയാലേ ഫൈനൽ എക്‌സിറ്റ് തരികയുള്ളൂ എന്ന നിലപാട് സ്‌പോൺസർ എടുത്തതിനാൽ, ചർച്ചകൾ വഴിമുട്ടി. നവയുഗം ജീവകാരുണ്യപ്രവർത്തകർ പലവിധ ചർച്ചകളും സമ്മർദ്ദങ്ങളും നടത്തിയെങ്കിലും, സ്‌പോൺസർ പിടിവാശി തുടർന്നു. അതിനാൽ നസ്രീന് നാലുമാസക്കാലം വനിതഅഭയകേന്ദ്രത്തിൽ കഴിയേണ്ടി വന്നു.
ഇന്ത്യൻ എംബസ്സി വഴി നസ്രീന് ഔട്ട്പാസ്സ് എടുത്തുകൊടുത്ത മഞ്ജു മണിക്കുട്ടൻ, വനിതഅഭയകേന്ദ്രത്തിലെ മുതിർന്ന അധികാരികൾക്ക് നസ്രീന്റെ ദയനീയാവസ്ഥ വിവരിച്ചു കൊടുത്ത്, അവരുടെ വിവേചനാധികാരം ഉപയോഗിച്ച് ഈ വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചു. അതിനെത്തുടർന്ന് സൗദി അധികാരികളുടെ ഇച്ഛാശക്തിയുള്ള ഇടപെടലിന് ഒടുവിൽ നസ്രീന് ഫൈനൽ എക്‌സിറ്റ് അടിച്ചു കിട്ടി.
നവയുഗം പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച്, നസ്രീന് അൽമൻസൂരി കമ്പനിയിലെ ജോലിക്കാരനായ ബഷീർ വിമാനടിക്കറ്റ് നൽകി. തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് നസ്രീൻ സുൽത്താന നാട്ടിലേയ്ക്ക് മടങ്ങി.
ഫോട്ടോ: നസ്രീൻ സുൽത്താനയ്ക്ക് മഞ്ജു മണിക്കുട്ടൻ യാത്രരേഖകൾ കൈമാറുന്നു


