നഴ്‌സിങ് യൂണിയനും എച്ച്എസ്ഇയും ധാരണയിലെത്തി; സമരത്തിൽ നിന്നു താല്കാലികമായി പിന്മാറ്റം

സ്വന്തം ലേഖകൻ
ഡബ്ലിൻ : നേഴ്‌സിങ് യൂണിയനും എച്ച്എസ്ഇ യും തമ്മിൽ പരസ്പര ധാരണയിലെത്തിയതിനെ തുടർന്ന് മാർച്ച് ഏഴാം തീയതി നടത്താനിരുന്ന സമരത്തിൽ നിന്ന് താത്കാലികമായി പിന്മാറുകയാണെന്ന് ഐഎൻഎംഒ അറിയിച്ചു. വർക്ക് പ്ലെയ്‌സ് കമ്മീഷൻ നേഴ്‌സിങ് പ്രശ്‌നത്തിൽ ഇടപെട്ട് പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുമെന്ന പ്രതീക്ഷയിലാണ് സംഘടന സമരം നിർത്തിവെയ്ക്കാൻ ആഹ്വാനം ചെയ്തത്. അടുത്ത ചൊവാഴ്ച നടക്കാനിരുന്ന പണിമുടക്കിൽ നിന്ന് രാജ്യത്തുടനീളമുള്ള 30,000 ത്തോളം ഐഎൻഎംഒ നഴ്‌സുമാരും, മിഡ്വൈവ്‌സും ആണ് പിന്മാറിയത് കഴിഞ്ഞ തിങ്കളാഴ്ച ബസ് ഐറാൻ ഗവണ്മെന്റുമായുള്ള ചർച്ചകൾക്ക് ശേഷം സമരത്തിൽ നിന്ന് പിന്മാറിയിരുന്നു.
ഇന്നലെ സംഘടന സെക്രട്ടറി ലിയാം ഡോറൻ പങ്കെടുത്ത ചർച്ചയിൽ ആരോഗ്യ വകുപ്പിന്റെ നേഴ്‌സിങ് രംഗത്തെ പ്രശ്‌നങ്ങളിലുള്ള നിലപാട് വ്യക്തമാക്കിയിരുന്നു. പക്ഷെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളോ വാർത്തകളോ പുറത്തുവന്നിട്ടില്ല. നേഴ്‌സിങ് ജീവനക്കാർ, മിഡ്വൈവ്‌സ് എന്നീ ഗണത്തിലുള്ള ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് വർക്ക് പ്ലെയ്‌സ് കമ്മീഷൻ നേഴ്‌സിങ് സംഘടനയ്ക്ക് ഉറപ്പു നൽകിയതായി ജനറൽ സെക്രട്ടറി വ്യക്തമാക്കി. നിലവിലെ ലാൻഡ്‌സ് ഡൗൺ എഗ്രിമെന്റ് പ്രകാരമുള്ള വ്യവസ്ഥയിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് യൂണിയൻ വർക്ക്‌പ്ലൈസ് കമ്മീഷനെ അറിയിച്ചിരുന്നു.
സമരം നിർത്തിവെച്ച് ചർച്ചയ്ക്ക് തയ്യാറായ നേഴ്‌സിങ് സമൂഹത്തിന് ആരോഗ്യമന്ത്രി സൈമൺ ഹാരിസ് അഭിനന്ദനം അറിയിച്ചു. ആരോഗ്യ രംഗത്ത് ഏറ്റവും വേഗത്തിൽ മാറ്റം കൊണ്ടവരുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം നേഴ്‌സിങ് സംഘടന ആവശ്യപ്പെട്ടിരുന്ന വേതന വർധനവ് എന്ന ആവശ്യം ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്.
Top