പെൻഷൻ സമ്പ്രദായത്തിൽ വൻ അഴിച്ചു പണി: ഇഷ്ടമുള്ളപ്പോൾ സർവീസിൽ നിന്നു വിരമിക്കാൻ പദ്ധതി

സ്വന്തം ലേഖകൻ

ഡബ്ലിൻ:രാജ്യത്തെ പെൻഷൻ സമ്പ്രദായം അഴിച്ചുപണിയാൻ സർക്കാർ നീക്കം. പ്രായം പരിഗണിക്കാതെ എപ്പോൾ വേണമെങ്കിലും ജോലിയിൽ നിന്നും വിരമിക്കാവുന്ന തരത്തിൽ നിയമം പുതുക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പബ്ലിക്, പ്രൈവറ്റ് മേഖലകൾക്ക് നിയമം ബാധകമാകും. അതേസമയം ഇപ്പോഴത്തെ വിരമിക്കൽ പ്രായമായ 65 വയസ്സിനു ശേഷവും താൽപര്യമുള്ളവർക്ക് ജോലിയിൽ തുടരാനും കഴിയുന്ന വിധമാണ് നിയമനിർമ്മാണം.
നേരത്തെ ജോലിയിൽ നിന്നും വിരമിക്കാൻ തീരുമാനിക്കുന്നവർക്ക് പെൻഷനിൽ ആനുപാതികമായ കുറവുണ്ടാകും. പെൻഷനായി ചെലവാക്കുന്ന തുക കുറയ്ക്കുക, പ്രായത്തിന്റെ കാര്യത്തിൽ ജോലിക്കാർക്കിടയിൽ നിലനിൽക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് സർക്കാരിന്റെ പുതിയ പദ്ധതി.
യുകെയിൽ സമാനമായ നിയമം അഞ്ചു വർഷങ്ങൾക്കു മുമ്പ് നടപ്പിലാക്കിയിരുന്നു. ഈ നിയമമനുസരിച്ച് തൊഴിലാളിയെ പിരിച്ചുവിടാൻ തൊഴിൽദാതാവിന് പൊതുതാൽപര്യം ഉള്ള കാരണം ഉണ്ടായേ മതിയാകൂ. ഏറെ വിവാദങ്ങൾക്ക് ഈ നിയമം വഴിവച്ചിരുന്നു.
അയർലണ്ടിൽ നിലവിൽ ജോലി ചെയ്യാൻ പ്രായപരിധിയില്ലെങ്കിലും പല ഇടങ്ങളിലും 65 വയസ്സിൽ നിർബന്ധിത വിരമിക്കലിന് കമ്പനികളും മറ്റും പ്രേരിപ്പിക്കുന്നുണ്ട്. ഇത് നിയമവിരുദ്ധമാക്കാനുള്ള പദ്ധതിയാണ് സോഷ്യൽ പ്രൊട്ടക്ഷൻ മിനിസ്റ്റർ ലിയോ വരേദ്കറും, മിനിസ്റ്റർ ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ഓൾഡർ പീപ്പിൾ ഹെലൻ മക്കന്റീയും രൂപീകരിക്കാനിരിക്കുന്നത്. നിയമം പക്ഷേ ഗാർഡ. ഡിഫൻസ് ഫോഴ്‌സ് എന്നീ ജോലികൾക്ക് ബാധകമാകില്ല.
സ്റ്റേറ്റ് പെൻഷൻ ലഭിക്കുന്നതിനുള്ള പ്രായം 2021ൽ 67 ആയും, 2028ൽ 68 ആയും ഉയർത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഇത് 66 ആണ്.പുതിയ നിയമം നടപ്പാക്കിയാൽ ഈ പരിധികൾ ഇല്ലാതെയാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top