ദമ്മാം: ജോലിയ്ക്ക് കൊണ്ട് വന്ന ഏജന്റിന്റെ ചതിയിൽ നിന്നും രക്ഷപ്പെട്ട് വനിതാഅഭയകേന്ദ്രത്തിൽ എത്തപ്പെട്ട പഞ്ചാബ് സ്വദേശിനിയായ വീട്ടുജോലിക്കാരി, ഇന്ത്യൻ എംബസ്സിയുടെയും, നവയുഗം സാംസ്കാരിക വേദിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
പഞ്ചാബ് ലുധിയാന സ്വദേശിനിയായ രേണു ബല്ല, മൂന്നു മാസങ്ങൾക്ക് മുൻപാണ് സൗദി അറേബ്യയിലെ ഹാഫർ അൽ ബത്തേയ്‌നിലെ ഒരു സൗദി കുടുംബത്തിൽ വീട്ടുജോലിക്കാരിയായി എത്തിയത്. ദമ്മാമിൽ ഉള്ള ഒരു ഏജന്റ് നൽകിയ വിസയിലാണ് രേണു എത്തിയത്. ആദ്യമൊക്കെ വലിയ കുഴപ്പമില്ലാതെ ജോലി ചെയ്‌തെങ്കിലും, കടുത്ത വയറുവേദനയും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതോടെ രേണുവിന് ജോലി ചെയ്യാൻ കഴിയാതെയായി. ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ, ചികിത്സിച്ച ഡോക്ടർ, രേണുവിന്റെ ആരോഗ്യനില ശരിയല്ലെന്നും, തിരികെ നാട്ടിലേയ്ക്ക് അയയ്ക്കണമെന്നും സ്പോൺസറോട് പറഞ്ഞു. തുടർന്ന് സ്പോൺസർ ഏജന്റിനെ വിളിച്ച്, രേണുവിനെ ദമ്മാമിലേയ്ക്ക് ബസ്സിൽ അയയ്ക്കുന്നുവെന്നും, അവിടെ നിന്ന് അവരെ തിരികെ നാട്ടിലേയ്ക്ക് കയറ്റി വിടാനും ആവശ്യപ്പെട്ടു.
അങ്ങനെ ദമ്മാം ബസ്സ് സ്റ്റേഷനിൽ എത്തിയ രേണുവിനെ ഏജന്റ് വന്ന് കാറിൽ കയറ്റിക്കൊണ്ടു പോയി. എന്നാൽ കാറിൽ വെച്ച് ഏജന്റ് അവരെ ശകാരിയ്ക്കുകയും,നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനു പകരം, മറ്റൊരു സ്പോൺസറിന് കൊടുക്കാനാണ് കൊണ്ട് പോകുന്നതെന്നും പറഞ്ഞു. ഇത് കേട്ട് ഭയന്ന രേണു, കാർ ദമ്മാമിലെ ഒരു സിഗ്നലിൽ നിർത്തിയപ്പോൾ, ഡോർ തുറന്ന് ഇറങ്ങി ഓടി.
വഴിയിൽ കണ്ട നല്ലവനായ ഒരു സൗദിയും, അയാളുടെ മലയാളി ഡ്രൈവറും രേണുവിനോട് കാര്യങ്ങൾ തിരക്കി മനസ്സിലാക്കുകയും, അഭയം നൽകുകയും ചെയ്തു. ആ സൗദി റിയാദ് ഇന്ത്യൻ എംബസ്സിയിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. തുടർന്ന് എംബസ്സി അധികൃതർ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകയായ മഞ്ജു മണിക്കുട്ടനെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചു. മഞ്ജു സൗദിയെ ഫോൺ വിളിച്ച് രേണുവിനെയും കൂട്ടി പോലീസ് സ്റ്റേഷനിൽ വരാൻ പറഞ്ഞു. അങ്ങനെ പോലീസ് സ്റ്റേഷനിൽ എത്തിയ രേണുവിനെ, മഞ്ജു നിയമനടപടികൾ പൂർത്തിയാക്കി കൂട്ടികൊണ്ടുപോയി ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു.
രേണുവിന്റെ വീട്ടുകാർ നാട്ടിൽ നിന്നും എംബസ്സിയിൽ പരാതി നൽകിയിരുന്നു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും രേണുവിന്റെ സ്‌പോൺസറെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിയ്ക്കുകയും, പലതവണയായി ചർച്ചകൾ നടത്തുകയും ചെയ്തു. ഒടുവിൽ സ്പോൺസർ രേണുവിന് ഫൈനൽ എക്സിറ്റ് അടിച്ചു. നവയുഗത്തിന്റെ ശ്രമഫലമായി അൽകോബാറിലെ ഒരു പഞ്ചാബി പ്രവാസി രേണുവിന് വിമാനടിക്കറ്റ് നൽകാൻ തയ്യാറായി.
അനിശ്ചിതങ്ങൾക്ക് ഒടുവിൽ നിയമനടപടികൾ പൂർത്തിയാക്കി, തന്നെ സഹായിച്ച സുമനസ്സുകൾക്ക് നന്ദി പറഞ്ഞ് രേണു നാട്ടിലേയ്ക്ക് മടങ്ങി.
ഫോട്ടോ: രേണുവിന് (ഇടത്ത്) മഞ്ജു മണിക്കുട്ടൻ യാത്രരേഖകൾ കൈമാറുന്നു.


