അഭയാർഥികൾക്കു മാതൃകയൊരുക്കി അയർലൻഡ്; സിറിയൻ അഭയാർഥികൾക്കു സംരക്ഷണ പാക്കേജുമായി അയർലൻഡ്

സ്വന്തം ലേഖകൻ
ഡബ്ലിൻ: അമേരിക്കൻ ഭരണകൂടം അടക്കം അഭയാർഥികൾക്കു വിലക്കു കൽപിക്കുന്ന കാലത്ത് അഭയാർഥികൾക്കു സഹായ ഹസ്തം നീട്ടി അയർലൻഡ് രംഗത്ത്. ആഭ്യന്തര യുദ്ധം അതിരൂക്ഷമായി തുടരുന്ന സിറിയയിൽ അഭയാർത്ഥികളെ സംരക്ഷിക്കാൻ 3 മില്യൺ യൂറോ പാക്കേജ് അനുവദിച്ചു. ഈ ആഴ്ച വിദേശ യാത്രയുടെ ഭാഗമായി ജോർദാൻലെബനൻ സന്ദർശിക്കുന്ന ഐറിഷ് ജൂനിയർ മിനിസ്റ്റർ ഫോർ ഇന്റർനാഷണൽ ഡവലപ്‌മെന്റ് ജോ മേക്ഹഗ് ആണ് ഈ പ്രഖ്യാപനം നടത്തിയത്. 6 വർഷത്തെ സംഘർഷഭരിതമായ യുദ്ധഭൂമിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കഴിയുന്ന രീതിയിൽ അഭയം ഒരുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
2012 മുതൽ സിറിയൻ മേഖലയിൽ അഭയാർത്ഥികൾക്കായി 70 മില്യൺ യൂറോ ചെലവഴിച്ചതായി ഐറിഷ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സന്ദർശനത്തിനിടയിൽ യു.എന്നിന്റെ സമാധാന സേനകളിൽ അംഗങ്ങളായ 336 അയർലൻഡ് പട്ടാളക്കാരെ തെക്കൻ ലബനിൽ നേരിട്ട് കണ്ട് മന്ത്രി അഭിവാദ്യമർപ്പിക്കും. കൂടാതെ ജോർദാനിൽ സിറിയൻ ബോർഡറിൽ ഉള്ള പ്രശസ്തമായ സാ അട്ടാരി അഭയാർത്ഥി ക്യാമ്പും മന്ത്രി സന്ദർശിക്കും. ഇവിടെ ദുരിതമനുഭവിക്കുന്നവരെ നേരിട്ട് കണ്ട് പ്രശ്‌നങ്ങൾ മനസിലാക്കാനും മന്ത്രി ശ്രമം നടത്തും.
Top