23 നഗരങ്ങളിൽ റെന്റ് ക്യാപ്പുമായി സർക്കാർ; വർഷത്തിൽ നാലു ശതമാനത്തിൽ കൂടുതൽ വാടക വർധിപ്പിക്കാനാവില്ല

സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് അനിയന്ത്രിതമായി വർധിക്കുന്ന വാടക നിരക്ക് നിയന്ത്രിക്കാൻ കർശന നിയന്ത്രണ നടപടികളുമായി സർക്കാർ. രാജ്യത്തെ 23 നഗരങ്ങളിൽ കൂടി റെന്റ് ക്യാപ് പദ്ധതി നടപ്പാക്കിയാണ് സർക്കാർ വാടകയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. പുതിയ നിയന്ത്രണം അനുസരിച്ചു ഒരു വർഷം നാലു ശതമാനത്തിൽ കൂടുതൽ വാടക വർധിപ്പിക്കുന്നതിനു ഉടമകൾക്കു സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇത്തരത്തിൽ രാജ്യത്ത് നിയന്ത്രണം ഏർപ്പെടുത്തിയ 23 നഗരങ്ങൾ ഇനി മുതൽ റെന്റ് പ്രഷർ സോൺ എന്ന പേരിൽ അറിയപ്പെടും. വ്യാഴാഴ്ച അർധരാത്രി മുതലാണ് ഇതു സംബന്ധിച്ചുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. ഹൗസിങ് മിനിസ്റ്റർ സിമോൺ കൊവേനി കൊണ്ടുവന്ന നിയന്ത്രണം ഒരളവുവരെ വാടക പ്രതിസന്ധിയ്ക്കു പരിഹാരം കാണാനാവുമെന്നും അധികൃതർ കരുതുന്നു.
കൗണ്ടി മിത്തിലെ ഒൻപതു ടൗണുകൾ കൗണ്ടി കിൽഡെയറിലെ ഏഴുടൗണുകൾ, വിൽക്കോയിലെ മൂന്നു ടൗണുകൾ, കോർക്കിലെ നാലു ടൗണുകൾ എന്നിവ റെന്റ് പ്രഷർ സോണിൽ ഉൾപ്പെടും. ഗോൾവേ സിറ്റി, ഡബ്ലിൻ സിറ്റി കോർക്ക് സിറ്റി എന്നിവയും ഈ മേഖലകളിൽ ഉൾപ്പെട്ടിട്ടുണ്ട്. കിൽഡെയർ കൗണ്ടിയിലെ നേസ്, സിലൻഡ്, സെൽബ്രിഡ്ജ്, ലെയ്ക്സ്ലിപ്പ്, രത്തൻഗൻ, കിൽഡെയർ, ന്യൂബ്രിഡ്ജ്, മീത്ത് കൗണ്ടിയിലെ സ്ലെയ്ൻ, ജൂലിയൻസ്ടൗൺ, ട്യൂലീക്ക്, ലേടൗൺ, ബെറ്റിസ്ടൗൺ, ആഷ്‌ബോൺ, റാറ്റോത്ത്, ഡോൺബോയൺ, ഡൺഷോഗ്ലിൻ, വിക്ലോകൗണ്ടി ബ്രേ, എന്നിസ്‌കെറി, വിക്ലോ, ഗോൽവേ സിറ്റി സെൻട്രൽ ഈസ്റ്റ് ഗോൽവേ, വെസ്റ്റ് ഗോൽവേ, കോർക്ക് കൗണ്ടിയിലെ ഡഗ്ലസ്, ബാലിൻകോലിഗ്, കാരിഗലൈൻ, പാസേജ് വെസ്റ്റ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
Top