റിക്ഷകളെ ഒഴിവാക്കാൻ സിറ്റി കൗൺസിൽ; തീരുമാനം നടപ്പാകില്ലെന്നു സൂചന

സ്വന്തം ലേഖകൻ
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഗതാഗത പ്രശ്‌നങ്ങൾ ഒഴിവാക്കാൻ റിക്ഷകൾ റോഡിൽ നിന്നും പൂർണ്ണമായി ഒഴിവാക്കാനുള്ള സിറ്റി കൗൺസിലിന്റെ തീരുമാനത്തിന് തിരിച്ചടി. മോട്ടോർ വാഹന നിയമത്തിന്റെ പരിധിയിൽപ്പെടാത്ത റിക്ഷകൾ നിരോധിക്കാൻ 2016 റോഡ് ട്രാഫിക് ആക്ട് ആണ് പ്രധാനമായും തടസ്സം നിൽക്കുന്നത്. ഇതിലെ സെക്ഷൻ 31 പ്രകാരം മോട്ടോർ വാഹനങ്ങൾ അല്ലാത്തവയ്ക്ക് നഗരങ്ങളിലും പട്ടണങ്ങളിലും സഞ്ചരിക്കാനുള്ള അനുമതിയുമുണ്ട്. ഈ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നാലും ചോദ്യം ചെയ്യാനുള്ള നിയമ വ്യവസ്ഥയും ഉണ്ട്.
മോട്ടോർ വാഹന പരിധിയിൽ ഇല്ലാത്ത റിക്ഷകൾക്ക് ലൈസൻസ് ഏർപെടുത്തുകയോ, ഇൻഷുറൻസ് ബാധകമാക്കുകയോ ചെയ്യാമെന്നു മാത്രമാണ് ഇവയെ നിയന്ത്രിക്കാനുള്ള ഏക പോംവഴിയെന്നു നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ഗതാഗതവകുപ്പിനു നൽകിയ മറുപടിയിൽ വിശദമാക്കി. നഗരത്തിൽ രാത്രികാലങ്ങളിൽ ധാരാളം യാത്രക്കാർ റിക്ഷകൾ ആശ്രയിക്കാറുണ്ട്. ഈ വാഹനങ്ങൾക്ക് പ്രത്യേക നിയന്ത്രണമില്ലാത്തതിനാൽ ഇത് കേന്ദ്രീകരിച്ച് മദ്യ മയക്കുമരുന്നു മാഫിയകളും പ്രവർത്തിക്കുന്ന വിവരം ഗാർഡ സിറ്റി കൗൺസിലിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. റിക്ഷകൾ നിരോധിക്കാൻ ഗതാഗത മന്ത്രി ഷെയിൻ റോസ് നിയമ വിദഗ്ദ്ധരുടെ ഉപദേശം തേടിവരുന്നുണ്ട്.
Top