ഡാലസ്: മാർച്ച് നാലാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പന്ത്രണ്ടാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ‘നവ മാധ്യമങ്ങൾ’ എന്ന വിഷയമാണ് ചർച്ച ചെയ്യുന്നത്. പ്രശസ്ത അമേരിക്കൻ മലയാളി സാഹിത്യകാരനും സംഘാടകനും ‘ലാന’യുടെ ഭാരവാഹിയുമായ വർഗീസ് എബ്രഹാം ഡെൻവർ ആയിരിക്കും ഈ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത്. കൂടാതെ പ്രഗത്ഭരായ ധാരാളം സാഹിത്യകാരന്മാരും പത്രപ്രവർത്തകരും ഈ ചർച്ചകളിൽ പങ്കെടുക്കുന്നതാണ്.
ഈ സല്ലാപത്തിൽ പങ്കെടുക്കുവാനും നവ മാധ്യമങ്ങളെക്കുറിച്ചും അവയുടെ ഗുണ ദോഷങ്ങളെക്കുറിച്ചും കൂടുതൽ അറിയുവാനും ചർച്ച ചെയ്യുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
2017 ഫെബ്രുവരി നാലാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിപ്പതിനൊന്നാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ‘രോഗ ചികിത്സ’ എന്ന വിഷയമാണ് ചർച്ച ചെയ്തത്. ഇന്ത്യയിലെയും അമേരിക്കയിലെയും വൈദ്യ ശാസ്ത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തൃശൂർ സ്വദേശിയും അമേരിക്കയിലെ റിച്ച്മണ്ടിൽ വിശ്രമ ജീവിതം നയിച്ചുവരുന്നതുമായ ഡോ. കുര്യാക്കോസ് വി. തെക്കെത്തലയായിരുന്നു ഈ ചർച്ചകൾക്ക് നേതൃത്വം കൊടുത്തത്. എം.പിയും പ്രഗത്ഭ മലയാള നടനുമായ ഇന്നസെന്റിൻറെ ജേഷ്ഠ സഹോദരനാണ് ഇദ്ദേഹം. കൂടാതെ ഡോ. രവിന്ദ്രനാഥൻ, ഡോ. മോഹൻ മേനോൻ, ഡോ. ലൂക്കോസ് വടകര തുടങ്ങിയ പ്രഗത്ഭരായ അമേരിക്കൻ മലയാളി ഭിഷഗ്വരന്മാരും ചർച്ചകളിൽ പങ്കെടുത്തു. ആധുനിക വൈദ്യ ശാസ്ത്ര രംഗത്തെക്കുറിച്ച് കൂടുതൽ അറിവ് നേടത്തക്കവിധം ചോദ്യോത്തരങ്ങളും ചർച്ചകളും വളരെ പ്രയോജനകരമായിരുന്നു.
ചെറിയാൻ കെ. ചെറിയാൻ, ഡോ. തെരേസാ ആൻറണി, ഡോ. എൻ. പി. ഷീല, ഡോ.ജയിസ് ജേക്കബ്, ഡോ. രാജൻ മർക്കോസ്, അറ്റോർണി മാത്യു വൈരമൺ, സജി കരിമ്പന്നൂർ, വർഗീസ് സ്‌കറിയ, ജോൺ തോമസ്, തോമസ് ഫിലിപ്പ് റാന്നി, കുരുവിള ജോർജ്ജ്, വർഗീസ് എബ്രഹാം ഡെൻവർ, മിനി റിച്ച്മണ്ട്, രാമചന്ദ്ര കുറുപ്പ് ചിക്കാഗോ, ജേക്കബ് കോര, ജയിൻ മുണ്ടയ്ക്കൽ എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.
എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തിൽ പങ്കെടുക്കുവാൻ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..
വാർത്ത അയച്ചത്: ജയിൻ മുണ്ടയ്ക്കൽ


