ഫാ. ജോസഫ് കറുകയിലിനു ഊഷ്‌മള യാത്രയയപ്പ് 

ഒരു വ്യാഴവട്ടക്കാലത്തെ അയർലണ്ടിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലേയ്ക്ക്   പോകുന്ന റവ. ഡോ. ജോസഫ് കറുകയിലിന് അയർലണ്ടിലെ വിശ്വാസസമൂഹം സമുചിത യാതയയപ്പ് നൽകി.

നോർത്തേൺ അയർലണ്ടിലെ ഡെറി, ആർമ രൂപതകളിലെ  സേവനങ്ങൾക്കൊപ്പം  സീറോ മലബാർ വിശ്വാസ സമൂഹത്തിൻ്റെ ചാപ്ലിനായി പ്രവർത്തിച്ചുവന്ന ഫാ. ജോസഫ് കറുകയിൽ അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും വിവിധ കുർബാന സെൻ്ററുകളുടെ സ്ഥാപനത്തിലും വളർച്ചയിലും നിർണ്ണായക പങ്ക് വഹിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയർലണ്ട് സീറോ മലബാർ സഭയുടെ കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ ഡയറക്ടറായി പ്രവർത്തിച്ചുവരികയാരുന്ന അച്ചൻ്റെ നേതൃത്വത്തിലായിരുന്നു   ‘ഐറീഷ് സീറോ മലബാർ കാത്തലിക്ക്’ എന്ന സീറോ മലബാർ സഭയുടെ  ത്രൈമാസ ന്യൂസ് ലെറ്ററിൻ്റെ പ്രസിദ്ധീകരണം.

ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജോസഫ് കറുകയിൽ അതിരൂപതയിലെ വിവിധ ദേവാലയങ്ങളിലും ചങ്ങനാശേരി സന്ദേശനിലയം, കാറ്റിക്കിസം, ചെറുപുഷ്പം മിഷ്യൻലീഗ്  അസി. ഡയറക്ടറായും സേവനം ചെയ്തതിനുശേഷം ഉപരിപഠനാർത്ഥം ഇംഗ്ലണ്ടിലെത്തി. ഇംഗ്ലണ്ടിലെ സൗത്ത്വാർക്ക് രൂപതയിലെ സേവനത്തോടെപ്പം കുടിയേറ്റക്കാരായ സീറോ മലബാർ വിശ്വാസികൾക്കായും പ്രവർത്തിച്ചു.

സുറിയാനി ഭാഷയിലും,  ക്രിസ്റ്റോളജിയിലും  ബിരുദാനന്തര ബിരുദം നേടിയ ജോസഫ്അച്ചൻ  മൈനൂത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന്  ഡോക്ട്രേറ്റ് കരസ്ഥമാക്കി. സിനഡ് ഓൺ സിനഡാലിറ്റിയേപ്പറ്റി വിവിധ രാജ്യങ്ങളിൽ     സെമിനാറുകൾ നയിച്ചു.

അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലിൻ്റെ അധ്യക്ഷതയിൽ കൂടിയ നാഷണൽ പാസ്റ്ററൽ കൗൺസിൽ ഫാ. കറുകയിലിൻ്റെ സേവനങ്ങളെ നന്ദിയോടെ സ്‌മരിച്ചു തുടർപ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങൾ നേർന്നു. വിവിധ കുർബാന സെൻ്ററുകളുടെ നേതൃത്വത്തിലും, ഐറീഷ് ഇടവകകളുടെ നേതൃത്വത്തിലും അച്ചനു സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.

പൗരോഹിത്യ രജതജൂബിലി വർഷത്തിൽ  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ പുതിയ ദൗത്യത്തോടൊപ്പം   ഇംഗ്ലീഷ് ഇടവകകളിലും  തുടർന്ന് പ്രവർത്തിക്കും.

Top