സെന്റ് പാട്രിക്‌സ് ഡേ: എൻഡാ കെനിയുടെ യുഎസ് സന്ദർശനത്തിനു തുടക്കമായി

സ്വന്തം ലേഖകൻ

ഡബ്ലിൻ: എൻഡാകെനിയുടെ യുഎസ് സന്ദർശനത്തിനു തുടക്കമായി. സെന്റ് പാട്രിക് ദിനാചരണത്തിന്റെ ഭാഗമായാണ് ഐറിഷ് പ്രധാനമന്ത്രി അമേരിക്കയിൽ സന്ദർശനം നടത്തുന്നത്. സെന്റ് പാട്രിക്‌സ് ഡേ സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് എൻഡാ കെന്നി ഫിലഡൽഫിയയിലെത്തിയത്. ഇരുനൂറ്റി എഴുപതിനാലാമത്തെ സെന്റ് പാട്രിക് പരേഡിൽ പങ്കെടുക്കാൻ യു.എസ്സിലെത്തിയ ഐറിഷ് പ്രധാനമന്ത്രി യു.എസ്സിലെ ഐറിഷ് കുടിയേറ്റക്കാരെ ഓർമ്മിക്കാനും സമയം കണ്ടെത്തി. പരമ്പരാഗത ചടങ്ങുകളോടെയാണ് പ്രധാനമന്ത്രിയെ യു.എസ് സ്വീകരിച്ചത്.
യു.എസ്സിൽ നിയമ വിരുദ്ധമായി ജീവിക്കുന്ന 50 ,000 ത്തോളം ഐറിഷ് കുടിയേറ്റക്കാർക്ക് നേരെ കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്നും എൻഡാ കെന്നി ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇവർക്ക് അമേരിക്കയിൽ താമസിക്കാൻ ആവശ്യമായ നിയമ വ്യവസ്ഥകൾ ചെയ്തുകൊടുക്കാൻ തയ്യാറാണെന്നും കെന്നി വ്യക്തമാക്കി. 2019 ലെ ഐറിഷ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ലോകത്തിന്റെ പല ഭാഗത്തുള്ള ഐറിഷുകാർക്കും വോട്ടവകാശം സാധ്യമാക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും ഐറിഷ് പ്രധാനമന്ത്രി അറിയിച്ചു.
നോർത്തേൺ അയർലണ്ടിലെയും , യു.എസ്സിലെയും വോട്ടര്മാരെയാണ് എൻഡാ ലക്ഷ്യം വെയ്ക്കുന്നതെന്നു വ്യക്തമാണ്. യൂറോപ്പിൽ ആകമാനമുള്ള ഐറിഷ് വോട്ടർമാരെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കണമെങ്കിൽ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. തൊട്ടടുത്ത രാജ്യമായ യു.കെ 15 വർഷത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തു താമസിക്കുന്നവരെ തിരഞ്ഞെടുപ്പിൽ നിന്നും ഒഴിവാക്കാറുമുണ്ട്. വളരെ സങ്കീർണ്ണമായ പ്രക്രിയ ആവശ്യപ്പെട്ടുകൊണ്ടാണ് എന്റയുടെ അമേരിക്കൻ പ്രസംഗം ആരംഭിച്ചത്. മുതുമുത്തച്ഛന്മാർ അയർലണ്ടുകാർ ആയതുകൊണ്ട് ഐറിഷ് പൗരത്വം നിലനിൽക്കുന്നവർ ലോകത്ത് എല്ലായിടത്തുമുണ്ട്.
അയർലന്റിനെപ്പറ്റി ഒന്നും അറിയാത്തവരെ തെരെഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കുക എന്നത് ആശയ കുഴപ്പം നിലനിൽക്കുന്ന കാര്യമാണ്. ഈ നിർദ്ദേശം എത്രത്തോളം പ്രവർത്തിപദത്തിൽ എത്തിക്കാൻ കഴിയുമെന്ന് കണ്ടറിയേണ്ടി വരും. അമേരിക്കൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി പദത്തിൽ നിന്നും വിട്ടുനിൽക്കുമെന്നു അറിയിച്ച എൻഡാ കെന്നി പടിയിറങ്ങുന്നതിനു മുൻപ് ലോകത്തിലെ ഐറിഷുകാരെ കോർത്തിണക്കുന്ന നിയമം ആവിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top