മൂന്ന് വർഷത്തെ അലച്ചിൽ അവസാനിച്ചു; നവയുഗത്തിന്റെ സഹായത്തോടെ തമിഴ്‌നാട് സ്വദേശി നാട്ടിലേയ്ക്ക് മടങ്ങി.

സ്വന്തം ലേഖകൻ
ദമ്മാം: സ്‌പോൺസറും ഏജന്റും ചതിച്ചത് കാരണം നാട്ടിൽ പോകാനാകാതെ മൂന്നു വർഷത്തോളം നിയമനടപടികൾക്ക് പുറകെ നടക്കേണ്ടി വന്ന തമിഴ്‌നാട് സ്വദേശിയായ ഹൌസ്‌ഡ്രൈവർ, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്!നാട് തൂത്തുക്കുടി സ്വദേശിയായ ആറുമുഖനാടാർ ഇളയപെരുമാൾ  അഞ്ചു വർഷങ്ങൾക്ക് മുൻപ് 2012 ഏപ്രിൽ മാസത്തിലാണ് കത്തീഫിലുള്ള ഒരു സൗദിപൗരന്റെ വീട്ടിൽ ഹൌസ് ഡ്രൈവറായി ജോലിയ്‌ക്കെത്തിയത്.  സ്‌പോൺസർ നല്ലവനായിരുന്നതിനാൽ വലിയ കുഴപ്പമില്ലാതെ, രണ്ടു കൊല്ലവും നാലു മാസവും ആ വീട്ടിൽ പെരുമാൾ ജോലി ചെയ്തു. എന്നാൽ അതിനുശേഷം, തനിയ്ക്ക് ഹൌസ് ഡ്രൈവറെ ഇനി ആവശ്യമില്ലെന്നും, മറ്റൊരു സ്‌പോൺസറെ കണ്ടെത്തി, വിസ മാറ്റി പോകാനും സ്‌പോൺസർ പെരുമാളിനോട് പറഞ്ഞു. പെരുമാളിന്റെ ദുരിതകാലം അവിടെ തുടങ്ങുകയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ഏജന്റ് വഴി സ്‌പോൺസർഷിപ്പ് മാറ്റാനായി മറ്റൊരു സൗദി പൗരനെ പരിചയപ്പെട്ട പെരുമാൾ അയാൾക്ക് കീഴിൽ അഞ്ചു മാസം ജോലി ചെയ്തു. എന്നാൽ പുതിയ ‘സ്‌പോൺസർ’ ഒരു റിയാൽ പോലും ശമ്പളം കൊടുത്തില്ല എന്ന് മാത്രമല്ല, വിസ മാറുന്നതിന്റെ നടപടികൾ പൂർത്തിയ്ക്കുകയോ,ഇക്കാമ എടുത്തു കൊടുക്കുകയോ ചെയ്തില്ല. പ്രതിഷേധിച്ച പെരുമാൾ ഒന്നുകിൽ തന്റെ സ്‌പോൺസർഷിപ്പ് മാറ്റത്തിന്റെ നടപടികൾ പൂർത്തിയാക്കി കുടിശ്ശിക ശമ്പളം മുഴുവൻ തന്ന് ജോലിയ്ക്ക് വയ്ക്കണമെന്നും, അല്ലെങ്കിൽ പാസ്സ്‌പോർട്ടും രേഖകളും തിരികെ നൽകണമെന്നും ഏജന്റിനോടും, സൗദി പൗരനോടും ആവശ്യപ്പെട്ടു. ആയിരം റിയാൽ നൽകുകയാണെങ്കിൽ ഇക്കാമ എടുത്തു തരാമെന്നും, പെരുമാളെ സ്വതന്ത്രമായി പുറത്തു മറ്റുള്ള ജോലി ചെയ്യാൻ അനുവദിയ്ക്കാമെന്നും അവർ പറഞ്ഞു. തുടർന്ന് പണം നൽകിയ പെരുമാളിനെ പറ്റിച്ച് അവർ കടന്നു കളഞ്ഞു.  2014 ഡിസംബറിൽ ഇതിനെതിരെ പെരുമാൾ ലേബർ കോടതിയിൽ പരാതി നൽകി.

നീണ്ട നിയമനടപടികൾക്ക് ശേഷം, പെരുമാളിന് അനുകൂലമായ കോടതിവിധി വന്നു. എന്നാൽ സ്‌പോൺസർ കോടതിവിധി നടപ്പാക്കാത്തത് കാരണം, പെരുമാളിന് മേൽക്കോടതികളും സൗദി സർക്കാർഓഫീസുകളും നിരന്തരമായി കയറി ഇറങ്ങേണ്ടി വന്നു. ഇക്കാമ പുതുക്കി കിട്ടാത്തത് കാരണം ജോലി ചെയ്യാനാകാതെ, ഭക്ഷണത്തിനുള്ള വക പോലും കണ്ടെത്താനാകാതെ അയാൾ ശരിയ്ക്കും ദുരിതത്തിലായി. മൂന്നു വർഷത്തോളം ഈ നിയമപോരാട്ടങ്ങൾ തുടർന്നു. നിയമസഹായത്തിനായി ചില ഇന്ത്യൻ എംബസ്സി വോളന്റീർമാരെ സമീപിച്ചെങ്കിലും, അവർ സഹായിച്ചില്ലെന്ന് പെരുമാൾ പറയുന്നു.

മറ്റു പ്രവാസി കേസുകൾക്കായി ദമ്മാമിലെ ലേബർ കോടതിയിൽ വരാറുള്ള നവയുഗം ജീവകാരുണ്യവിഭാഗം കൺവീനറായ ഷാജി മതിലകം, ലേബർ കോടതിയുടെ വരാന്തയിൽ ദിവസവും രാവിലെ വന്ന് വൈകുന്നേരം വരെ ഇരിയ്ക്കുന്ന പെരുമാളിനെ ശ്രദ്ധിയ്ക്കുകയും, എന്താണ് പ്രശ്‌നം എന്ന് തിരക്കുകയും ചെയ്തു. നിറഞ്ഞ കണ്ണുകളോടെ തന്റെ ദുരവസ്ഥ വിശദമായി പറഞ്ഞ പെരുമാൾ, തനിയ്ക്ക് കുടിശ്ശികശമ്പളമോ, ഒരു ആനുകൂല്യമോ വേണ്ട, നാട്ടിലേയ്ക്ക് എങ്ങനെയും തിരിച്ചു പോയാൽ മതി എന്ന് പറഞ്ഞ്, സഹായം അഭ്യർത്ഥിച്ചു.

പെരുമാളിന്റെ കോടതിവിധി രേഖകളുമായി ലേബർ കോടതിയിലെ മുതിർന്ന അധികാരികളെ നേരിട്ട് കണ്ട ഷാജി മതിലകം, മനുഷ്യത്വത്തിന്റെ പേരിൽ അയാളെ സഹായിയ്ക്കണമെന്നും, ഫൈനൽ എക്‌സിറ്റ് അനുവദിയ്ക്കണമെന്നും അഭ്യർത്ഥിച്ചു. തുടർന്ന് ഉടനെത്തന്നെ, കോടതി അധികാരികൾ പെരുമാളിന്  ഫൈനൽ എക്‌സിറ്റ് അടിച്ചു നൽകി പാസ്സ്‌പോർട്ട് ഷാജി മതിലകത്തിന് കൈമാറി.

പെരുമാളിന് നാട്ടിലെ ബന്ധുക്കൾ വിമാനടിക്കറ്റ് അയച്ചു കൊടുത്തു. അങ്ങനെ മൂന്നു വർഷം നീണ്ട നിയമപോരാട്ടം അവസാനിപ്പിച്ച്, എല്ലാവർക്കും നന്ദി പറഞ്ഞ്, അഞ്ചു വർഷത്തിന് ശേഷം കുടുംബത്തെ കാണാൻ, വെറും കൈയ്യോടെ  ഇളയപെരുമാൾ നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: ഷാജി മതിലകം ഇളയപെരുമാളിന് യാത്രരേഖകൾ കൈമാറുന്നു. നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ ഷാജി അടൂർ, റെജി സാമുവൽ, ഗോപകുമാർ എന്നിവർ സമീപം.

Top