ട്രമ്പിനെതിരെ ബ്രിട്ടണിൽ ഉയരുന്നത് വൻ പ്രതിഷേധം; രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധ റാലിയെന്നു റിപ്പോർട്ട്

സ്വന്തം ലേഖകൻ
ലണ്ടൻ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബ്രിട്ടനിൽ നേരിടേണ്ടിവരിക ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ റാലി. ബർമിംഗ്ഹാമിൽ ട്രംപ് എത്തുമെന്ന് വിവരം ലഭിച്ചതോടെ അവിടുത്തെ പ്രാദേശിക രാഷട്രീയ നേതാക്കളും ആക്റ്റിവിസ്റ്റുകളും കോപാകുലരാണ്. ഇവിടെ ട്രംപിനെ വരവേൽക്കുന്നത് തെരുവുകൾ നിറഞ്ഞ പ്രതിഷേധ റാലികളോടെയായിരിക്കുമെന്ന് ഇവർ പറയുന്നു. ലണ്ടനിലെ നാഷണൽ എക്‌സിബിഷൻ സെന്ററിൽ പ്രതിഷേധ റാലി നടക്കുമെന്ന് വ്യക്തമായതോടെയാണ് ബർമിംഗ്ഹാമിൽ സന്ദർശനത്തിനുള്ള ആശയം ബ്രിട്ടീഷ് അധികൃതർ വൈറ്റ് ഹൗസിന് കൈമാറിയത്.
ട്രംപിനും അദ്ദേത്തിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനു തങ്ങളുടെ നഗരത്തിലേക്ക് പ്രവേശനമില്ലെന്ന് ബർമിംഗ്ഹാം ലേഡിവുഡ് എംപിയും ലേബർ പാർട്ടി പ്രതിനിധിയുമായ ഷബാന മെഹ്മൂദ് പറഞ്ഞു. വൈവിധ്യങ്ങളുമുള്ള നഗരമാണ് ബർമിംഗ്ഹാം. എല്ലാ വിശ്വാസങ്ങളും പുലർത്തുന്നവർ താമസിക്കുന്ന സ്ഥലം. അവിടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ഥാനമില്ല അവർ വ്യക്തമാക്കി.
വംശീയവാദിയും സ്ത്രീവിരുദ്ധനുമായ ട്രംപ് തന്റെ അധികാരം ഉപയോഗിക്കുന്നത് വിഘടിപ്പിക്കാനാണെന്നായിരുന്നു ഹാൾ ഗ്രീൻ വാർഡ് ലേബർ കൗൺസിലർ കെറി ജെൻകിൻസ് പറഞ്ഞത്. ബർമിംഗ്ഹാമിലേക്ക് ട്രംപ് വന്നാൽ താനും സഹപ്രവർത്തകരും പ്രക്ഷോഭത്തിനു മുന്നിലുണ്ടാവും എന്ന് അദ്ദേഹം പറഞ്ഞു. നിരവധി സാമൂഹ്യപ്രവർത്തകരും ബർമിംഗ്ഹാമിൽ ട്രംപിന്റെ സന്ദർശനത്തെ എതിർക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ട ശേഷം യുകെയിൽ വ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ട്രംപ് പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനെ എതിർക്കുമെന്ന് കോമൺസ് സ്പീക്കർ നേരത്തെ പറഞ്ഞിരുന്നു. ഇതിനെ തുടര്ന്നു സമ്മേളനം നടക്കാത്ത സമയം നോക്കി യുകെയിലെത്താൻ ട്രംപ് തീരുമാനിച്ചതായി വാർത്ത വന്നിരുന്നു.
Top