ട്രമ്പിന്റെ ഉത്തരവ് അനുകൂലിക്കാൻ വിസമ്മതിച്ച എജിയുടെ പണിപോയി

പി.പി ചെറിയാൻ
വാഷിങ്ടൺ: ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്കു അമേരിക്കയിലേയ്ക്കു താല്കാലിക പ്രവേശനാനുമതി നിഷേധിക്കുന്ന ട്രമ്പിന്റെ എക്‌സിക്യുട്ടീവ് ഉത്തരവിനെ കോടതിയിൽ അനുകൂലിക്കാൻ തയ്യാറല്ലെന്നു പരസ്യമായി പ്രഖ്യാപിച്ച ആക്ടിങ് അറ്റോർണി ജനറൽ സാലി യേറ്റ്‌സിനെ പിരിച്ചുവിട്ടുകൊണ്ടു ട്രമ്പ് ഉത്തരവിട്ടു. ജനുവരി 30 തിങ്കളാഴ്ച വൈകിട്ടാണ് ട്രമ്പിന്റെ നടപടി ഉണ്ടായത്.
ഗവൺമെന്റ് തീരുമാനങ്ങളെ പിൻതുണക്കുന്നതിനു ബാധ്യസ്ഥമായ അറ്റോർണി ജനറൽ തന്റെ എതിർപ്പ് മാധ്യമങ്ങളുടെ മുന്നിൽ പരസ്യമായി പ്രകടിപ്പിക്കാതെ രാജിവച്ചു പോകേണ്ടതായിരുന്നു എന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ട്രമ്പ് നാമനിർദേശം ചെയ്ത അറ്റോർണി ജനറലിന്റെ നിയമനം സെനറ്റ് അംഗീകരിക്കാൻ വൈകിയതിനാലാണ് താല്കാലിക ചുമതല സാലിയ്ക്കു നൽകിയിരുന്നത്. അമേരിക്കൻ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു പ്രഥമ പരിഗണന നൽകി ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ പ്രസിഡന്റ് ട്രമ്പ് തയ്യാറായപ്പോൾ അതിനു ധാർമികവും നിയമപരവുമായ പിൻതുണ നൽകാതിരുന്ന ഡിപ്പാര്ട്ട്‌മെന്റ് ഓഫ് ജസ്റ്റിസിനെ ഒറ്റുകൊടുക്കുന്നതിനു സമമാണ് വൈറ്റ് ഹൗസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സാലി യേറ്റ്‌സിനെ പിരിച്ചു വിട്ടതിനു പുറകെ താല്കാലിക അറ്റോർണി ഡാനാ ബോണറ്റിനെ ട്രമ്പ് നിയമിച്ചു. പ്രസിഡന്റ് ഒബാമയാണ് സാലിയെ നിയമിച്ചിരിക്കുന്നത്. ഏതു പാർട്ടിയുടെ നോമിനിയായാലും പ്രസിഡന്റ് ഉത്തരവ് അനുവരിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്.
Top