ജിദ്ദ: മുതിര്‍ന്ന പാര്‍ലമെന്റേറിയനും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന ഇ. അഹമ്മദിനോട് കേന്ദ്രസര്‍ക്കാര്‍ കാണിച്ച അനാദരവിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരള ജനതയോട് മാപ്പ് പറയണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ ആവശ്യപ്പെട്ടു.
ഇ. അഹമ്മദിന്റെ ഭൗതിക ശരീരം ഡല്‍ഹിയിലിരിക്കെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം നടത്തിയ നടപടി മനുഷ്യത്വവിരുദ്ധമാണെന്നും കോണ്‍ഗ്രസ് ഈ വിഷയത്തില്‍ തുടര്‍ന്നും പ്രതിഷേധമുയര്‍ത്തുമെന്നും വി.ടി.ബല്‍റാം എം.എല്‍.എ പറഞ്ഞു.
ജിദ്ദയില്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ ഇ അഹമ്മദ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബല്‍റാം. ഐക്യ രാഷ്ട്ര സഭയില്‍ കശ്മിര്‍ പ്രശ്നത്തില്‍ പാകിസ്താന്റെ നിലപാട് തെറ്റാണെന്ന് ഇന്ത്യക്ക് വേണ്ടി വാദിക്കുകയും അതേസമയം കഷ്ട്ടപ്പെടുന്ന കശ്മിരികള്‍ക്ക് വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്താനും സാധിച്ച ഒരുവ്യക്തി കൂടിയായിരുന്നു അദ്ദേഹമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.
അനുസ്മരണ സമ്മേളനം കെ.എം.സി.സി നാഷണല്‍ പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് പാളയത്ത്, അബൂബക്കര്‍ അരിമ്പ്ര എന്നിവര്‍ സംസാരിച്ചു. ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും രാഷ്ട്രീയസാമൂഹിക രംഗത്തെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി.


