കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് വിശദാംശങ്ങൾ തേടി.കന്യാസ്ത്രീകളെ മനുഷ്യക്കടത്തുകാരായി ചിത്രീകരിക്കുന്നത് നിയമവിരുദ്ധവും രാഷ്ട്രീയ അജന്‍ഡയുടെ ഭാഗവുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.

റായ്പൂര്‍: മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടി. വിഷയം സജീവമായ പശ്ചാത്തലത്തിലാണ് വിശദാംശങ്ങള്‍ തേടിയത്. പ്രധാനമന്ത്രിയുമായി അമിത് ഷാ വിഷയം സംസാരിച്ചുവെന്നാണ് വിവരം. സര്‍ക്കാര്‍ സേവനം എത്തപ്പെടാത്ത മേഖലയില്‍പ്പോലും സേവനം ചെയ്യുന്ന കന്യാസ്ത്രീകളെ മനുഷ്യക്കടത്തുകാരായി ചിത്രീകരിക്കുന്നത് നിയമവിരുദ്ധവും രാഷ്ട്രീയ അജന്‍ഡയുടെ ഭാഗവുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.

അതിനിടെ കന്യാസ്ത്രീകളുടെ മോചനത്തിനായി എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. ഇതില്‍ അനുകൂല തീരുമാനമാണ് പ്രതീക്ഷിക്കുന്നത്. ബിജെപി പ്രതിനിധി സംഘം അനുകൂല തീരുമാനം ഉണ്ടാക്കുമെന്നും പ്രതീക്ഷയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലും പ്രതീക്ഷിക്കുന്നു. ഇതിനിടെയിലും പ്രതിഷേധം കടുപ്പിക്കുകയാണ് കത്തോലിക്കാ സഭ. കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് പകല്‍ പന്ത്രണ്ട് മണിക്ക് യുഡിഎഫ് എംപിമാര്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. അതിനുമുന്നോടിയായാണ് അമിത് ഷാ ചത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്.യുഡിഎഫ് എംപിമാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അതിനുപിന്നാലെയാണ് അമിത് ഷായുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം ലഭിച്ചത്. അതേസമയം, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി. അമിത് ഷായെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ സാഹചര്യം നേരില്‍ ധരിപ്പിക്കുമെന്നാണ് സൂചന.

അതേസമയം, ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾ ആറാം ദിനവും ജയിലിൽ തുടരുകയാണ്. ഇരുവരും ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. എൻഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനമുണ്ടായത്. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യ ഹർജി ദുർഗ് മജിസ്ട്രേറ്റ് കോടതി തളളിയിരുന്നു.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 143 പ്രകാരമുള്ള കുറ്റം പരിഗണിക്കാന്‍ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് കോടതിയുടെ നടപടി. കേസില്‍ ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. ഇതോടെ കന്യാസ്ത്രീകള്‍ ഇന്നലെ ജാമ്യത്തിലിറങ്ങുമെന്നു പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. കന്യാസ്ത്രീകള്‍ക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നതിനടക്കമുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും കേസിലെ പരാതിക്കാരന്‍ രവി നിഗം കോടതിയില്‍ പറഞ്ഞു. മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ എന്‍ഐഎ കോടതികളാണു പരിഗണിക്കേണ്ടതെന്ന 2020ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎ കോടതിയിലേക്കു മാറ്റിയത്. എന്‍ഐഎ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറെ കേട്ടശേഷം മാത്രമേ പ്രത്യേക ജഡ്ജിക്ക് വിധി പറയാന്‍ സാധിക്കൂ.

Top