ന്യൂഡൽഹി: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി വിജയ് ശര്‍മയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ നീതിപൂര്‍വമായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അനൂപ് ആന്റണി മാധ്യമങ്ങളോട് പറഞ്ഞു .അതേസമയം മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സഭവം നടന്ന ദിവസം പാർട്ടിയെ ബന്ധപ്പെട്ടു. അന്നുമുതൽ അവർക്ക് നീതി ലഭിക്കാൻ ഇറങ്ങിയിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് അനൂപ് ആന്റണിയെ അയച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നീതി ലഭിക്കുന്നവരെ ബിജെപി കൂടിയുണ്ടാകും. ആവശ്യമെങ്കിൽ താനും അവിടെ പോകും. സിസ്റ്റർമാർ എന്ത് ചെയ്തുവെന്ന വിശദാംശങ്ങൾ ഇപ്പോൾ പറയുന്നില്ല. പക്ഷേ മതപരിവർത്തന ശ്രമം നടന്നുവെന്നത് തെറ്റാണ് എന്ന് തെളിയിക്കും. ആശയവിനിമയത്തിലുണ്ടായ പാളിച്ചയാണ് ദുർഗിൽ സംഭവിച്ചത്. മതപരിവർത്തനമോ മനുഷ്യക്കടത്തോ അല്ല. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചു. നീതി ലഭിക്കും. കോൺഗ്രസാണ് മതപരിവർത്തന നിരോധന നിയമം പാസാക്കിയതെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ അവർ അവസരവാദം രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു. അത് ജനങ്ങൾ മനസ്സിലാക്കണം. ജാമ്യാപേക്ഷയെ സർക്കാർ എതിർക്കുമോ എന്ന ചോദ്യത്തിന് അത് താനല്ലല്ലോ പറയേണ്ടതെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.
സർക്കാരിനെ സത്യാവസ്ഥ അറിയാക്കാനാണ് അനൂപ് ആൻ്റണി അവിടെ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോർജ് കുര്യൻ മന്ത്രിയാണ്. അദ്ദേഹത്തിന് സംസാരിക്കാൻ പരിമിതിയുണ്ട്. സിസ്റ്റർമാരെ പുറത്തുകൊണ്ട് വരുമെന്നതിൽ ഉറപ്പുണ്ട്. പ്രൈവറ്റ് ഏജൻസീസ് റഗുലേറ്ററി പോർട്ടലിൽ അവർ രജിസ്റ്റർ ചെയ്തിരുന്നില്ല. അതുകൊണ്ട് മനുഷ്യക്കടത്താണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. അതാണ് സംഭവിച്ചത്.










