നഴ്‌സിങ് കോളേജുകള്‍ക്ക് അംഗീകാരം ഇല്ല ! നെഞ്ചിൽ നെരിപ്പോടായി കര്‍ണ്ണാടകത്തിലെ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികൾ

മംഗളൂരു: കര്‍ണ്ണാടകത്തിലെ നഴ്‌സിങ് കോളേജുകളുടെ അംഗീകാരം സംബന്ധിച്ച പ്രതിസന്ധിക്ക് അറുതിയായില്ല. ആയിരക്കണക്കിന് മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്ന പ്രതിസന്ധി അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ കര്‍ണ്ണാടകത്തിലെ നഴ്‌സിങ് കോളേജുകള്‍ക്ക് അംഗീകാരം നിഷേധിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. കര്‍ണ്ണാടകത്തിലെ നഴ്‌സിങ് കോളേജുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കര്‍ണ്ണാടക നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരം മാത്രം മതിയെന്ന നിലപാട് സ്വീകരിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ തീരുമാനം കെ.എന്‍.സി. എടുത്ത ഉടന്‍ ദേശീയ നഴ്‌സിങ് കൗണ്‍സില്‍ കര്‍ണ്ണാടകത്തിലെ നഴ്‌സിങ് കോളേജുകള്‍ക്കുളള അംഗീകാരം നിര്‍ത്തലാക്കുകയായിരുന്നു.
ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന് നഴ്‌സിങ് കോളേജുകളിലെ സിലബസ് തീരമാനിക്കാനും സീറ്റുകള്‍ നിര്‍ണ്ണയിക്കാനും മാത്രമേ അധികാരമുള്ളൂ എന്ന കര്‍ണ്ണാടക നഴ്‌സിങ് കൗണ്‍സിലിന്റെ തീരുമാനത്തോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. അതോടെ കര്‍ണ്ണാടക നഴ്‌സിങ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയായാല്‍ കര്‍ണ്ണാടകത്തില്‍ മാത്രമേ ജോലി ചെയ്യാനാവൂ. മറ്റ് സംസ്ഥാനത്തോ വിദേശത്തോ ജോലിക്ക് അര്‍ഹത ലഭിക്കില്ല. അതിന് ദേശീയ കൗണ്‍സിലിന്റേ തന്നെ അംഗീകാരം വേണം. കര്‍ണ്ണാടക നഴ്‌സിങ് കോളേജുകളില്‍ പ്രവേശനം തേടുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ആശങ്കയിലായിട്ടുള്ളത്. അമ്പതില്‍ പരം വരുന്ന കര്‍ണ്ണാടക നഴ്‌സിങ് കോളേജുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്നത് കേരളത്തില്‍ നിന്നാണ്. കൂടാതെ മണിപ്പൂര്‍, ഗോവ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നും പഠനം തേടുന്നവരുണ്ട്. NURSING KARNATAKA
ഈ വര്‍ഷം പ്രവേശനം തേടാന്‍ മുന്‍കൂറായി പണം നല്‍കിയവര്‍ ഒട്ടേറെയുണ്ട്. അടച്ച പണം അംഗീകാര പ്രശ്‌നം മൂലം തിരിച്ചു നല്‍കുന്നുമില്ല. അതിനിടെ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയ്ക്ക് അപേക്ഷിച്ചവരുമുണ്ട്. കര്‍ണ്ണാടക നഴ്‌സിങ് പ്രതിസന്ധി തുടരുന്നതിനാല്‍ വായ്പ നല്‍കുന്നതില്‍ നിന്നും ബാങ്കുകള്‍ പിന്‍വലിയുകയാണ്. ഐ.എന്‍.സി. അംഗീകാരം ഉറപ്പായാല്‍ മാത്രമേ വായ്പ അനുവദിക്കൂ എന്ന നിലപാടാണ് ബാങ്കുകള്‍ സ്വീകരിച്ചിട്ടുള്ളത്. ദേശീയ നഴ്‌സിങ് കൗണ്‍സിലുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അംഗീകാരം സംബന്ധിച്ച തീരുമാനം ഇനിയും വന്നിട്ടില്ല.
ഗുണനിലവാരമോ മതിയായ സൗകര്യമോ ഇല്ലാത്ത കോളേജുകള്‍ക്ക് പോലും മുന്‍കാലങ്ങളില്‍ ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. മികവു മാത്രമല്ല കൗണ്‍സില്‍ അംഗങ്ങളുടെ കാര്യ ലാഭവും നോക്കിയാണ് അംഗീകാരം നല്‍കുന്നത്. പ്രശ്‌ന പരിഹാരത്തിനായി എ.ഐ.സി.സി .ജനറല്‍ സെക്രട്ടറി. കെ.സി. വേണുഗോപാല്‍ , കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യയുമായി ചര്‍ച്ച നടത്തിയിരുന്നു. കര്‍ണ്ണാടകത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതിന് മുമ്പു തന്നെ ഈ പ്രതിസന്ധി പരിഹരിക്കണമെന്ന നിര്‍ദേശമായിരുന്നു കെ.സി.വേണുഗോപാല്‍ ഉന്നയിച്ചത്. അടുത്ത ആഴ്ചക്കുള്ളല്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കര്‍ണ്ണാടക സര്‍ക്കാറിന് കനത്ത തിരിച്ചടിയാകും.

Top