കൊച്ചി:ധനമന്ത്രി കെഎം മാണിയുടെ രാജിക്ക് ശേഷം കുറച്ചുകാലം വലിയ അനക്കമൊന്നും ഇല്ലാതിരുന്ന ബാര്‍കോഴകേസ് ബാബുവിനെതിരായ കോടതി ഉത്തരവോടെ വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ്.ലാവ്‌ലിനും കതിരൂര്‍ കേസും ഏറ്റവും ഒടുവില്‍ ടിപി കേസും കൊണ്ടുവന്ന് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കിയ ഉമ്മന്‍ചാണ്ടിക്ക് കടുത്ത തിരിച്ചടിയയാണ് ബാര്‍കോഴ കേസില്‍ മന്ത്രി ബാബുവിനെതിരായ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവിനെ രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാകുന്നത്.
ഇതേകേസില്‍ മാണി രാജിവെയ്ക്കാനും സമാനമായ സാഹചര്യം തന്നെയാണ് ബാബുവിനും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് വിജിലന്‍സിനെതിരെ നടത്തിയ പരാമര്‍ശം നീക്കാനാണ് മാണി ഹൈക്കോടതിയെ സമീപിച്ചത്.അവിടെ നിന്നാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ രൂക്ഷ വിമര്‍ശനത്തിന് നിയമ മന്ത്രിയായിരുന്ന കെഎം മാണി വിധേയനായത്.ഏറ്റവും ഒടുവില്‍ രണ്ട് ദിവസത്തെ അഭ്യുഹങ്ങള്‍ക്ക് ഒടുവില്‍ മാണിക്ക് കസേര ഒഴിയേണ്ടി വന്നു.വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ബാബു ഹൈക്കോടതിയെ സമീപിച്ചാലും ഉത്തരവ് നീക്കികിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടാണെന്നാണ് നിയമ വിദഗ്ദരുടെ പക്ഷം.മാണിക്കെതിരായി ഉണ്ടായത് പോലെ ഏതെങ്കിലും തരത്തിലുള്ള പരാമര്‍ശങ്ങള്‍ എതിരായി വന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിന് അത് കീറാമുട്ടിയാകുകയും ചെയ്യും.
ഹൈക്കോടതിയെ സമീപിച്ച് തന്റെ ഏറ്റവും അടുത്ത മന്ത്രിയായ ബാബുവിനെ രക്ഷിച്ചെടുക്കാന്‍ ഉമ്മന്‍ചാണ്ടി ആലോചന തുടങ്ങിയെന്നാണ് വിവരം.ഇക്കാര്യം ചില മുതിര്‍ന്ന അഭിഭാഷകരുമായി അദ്ധേഹം വിധി വന്ന് മണിക്കൂറുകള്‍ക്കകം തന്നെ ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവര്‍ പറയുന്നു.എന്നാല്‍ എന്താണ് അദ്ധേഹത്തിന് ലഭിച്ച നിയമോപദേശം എന്ന് ഇനിയും വ്യക്തമായിട്ടില്ല.അതേസംയം ഉച്ചക്ക് മൂന്ന് മണിക്ക് തന്റെ ഭാഗം വിശദീകരിക്കാനായി മന്ത്രി ബാബു കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടൂണ്ട്.എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനം കഴിയുന്നതോടെ തന്നെ ഇക്കാര്യതിലുള്ള സര്‍ക്കാര്‍ നിലപാട് ഏതാണ്ട് വ്യക്തമാകും.
എന്തായാലും കേസുകളുടെ തുറുപ്പ് ചീട്ട് ഇറക്കി തങ്ങളെ നിശബ്ദനാക്കാന്‍ നോക്കുന്ന ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍ ഈ വിഷയം മുന്‍നിര്‍ത്തി ആക്രമിക്കാന്‍ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം.നവകേരളമാര്‍ച്ച് നടത്തുന്ന പിണറായി വിജയനും തന്റെ പ്രസംഗത്തില്‍ ഇപ്പോള്‍ പ്രധാനമായും ഉന്നയിക്കുന്നത് ബാബുവിനെതിരായ കോടതി വിധിയാണ്.പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി ബാബുവിന്റേയും ഉമ്മന്‍ ചാണ്ടിയുടേയും രാജി ആവശ്യപ്പെട്ടതും പ്രതിപക്ഷം വിഷയം ലൈവ് ആക്കുന്നത്തിന്റെ സൂചനയാണ് നല്‍കുന്നത്.ലാവ്‌ലിന്‍,കതിരൂര്‍ കേസുകളില്‍ വിഎസ് സിപിഎമ്മിനെ വെട്ടിലാക്കി രംഗത്തെത്തുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതീക്ഷ.പക്ഷെ അദ്ധേഹം ലാവ്‌ലിന്‍ വിഷയത്തില്‍ മൗനം പാലിച്ചും കതിരൂര്‍ കേസില്‍ ജയരാജനെ പിന്തുണച്ചും പാര്‍ട്ടിക്കൊപ്പം തന്നെ നിന്നു.ഇപോള്‍ ബാബുവിനെതിരായി കിട്ടിയിരിക്കുന്ന വടി പരമാവധി ഉപയോഗിക്കാന്‍ തനെയായിരിക്കും വിഏസിന്റേയും തീരുമാനം.
പ്രതിപക്ഷത്തേക്കാള്‍ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ഭയക്കുന്നത് കെഎം മാണിയെയാണ്.താന്‍ രാജി വച്ച അതേസാഹചര്യം നിലനില്‍ക്കെ ബാബു മന്ത്രിയായി തുടരുന്നത് എങ്ങിനെയെന്ന് മാണിയോട് വിശദീകരിക്കാന്‍ ഉമ്മന്‍ചാണ്ടി പാടുപെടേണ്ടി വരും.ഒരാഴ്ച കൂടി കഴിഞ്ഞാല്‍ ബാര്‍കോഴകേസില്‍ വിഎസ് സുനില്‍കുമാര്‍ എംഎല്‍എ കൊടുത്ത ഒരു ഹര്‍ജിയില്‍ കൂടി ഹൈക്കോടതി വിധി പറയാനുണ്ട്.ഇതില്‍ ഏതെങ്കിലും തരത്തില്‍ സര്‍ക്കാരിനെതിരായ പരാമര്‍ശം ഉണ്ടയാല്‍ മുഖ്യമന്ത്രി വീണ്ടും പ്രതിരോധത്തിലാകും.ഇത് കൂടാതെ പാറ്റൂര്‍ ഭൂമിയിടപാടില്‍ അടുത്ത മാസം എട്ടിന് വിഎസിന്റെ ഹര്‍ജി വിജിലന്‍സ് കോടതി പരിഗണിക്കുന്നുണ്ട്.അങ്ങിനെ പണിക്ക് മറുപണി എന്ന കണക്കെ കേസിന് മറുകേസുമായി പ്രതിപക്ഷവും മുന്നേറുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ അടുത്ത നീക്കമെന്താണ് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.