തമിഴ് കവി വൈരമുത്തുവിന് ഒ.എൻ.വി പുരസ്‌കാരം നൽകിയത് പുനഃപരിശോധിക്കുമെന്ന് അടൂർ ഗോപാലകൃഷ്ണൻ : നടപടി മീടു ആരോപണം നേരിടുന്ന കവിയ്ക്ക് പുരസ്‌കാരം നൽകിയതിൽ പ്രതിഷേധം കടുത്തതോടെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം:തമിഴ് കവി വൈരമുത്തുവിന് ഒ എൻ വി പുരസ്‌കാരം നൽകുന്നത് പുന:പരിശോധിക്കും. മീ.ടു ആരോപണം നേരിടുന്ന വൈരമുത്തുവിന് പുരസ്‌കാരം നൽകുന്നതിനെതിരെ പ്രതിഷേധം കനത്തതോടെയാണ് നടപടി പുനഃപരിശോധിക്കുമെന്ന് ഒ എൻ വി കൾച്ചറൽ അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ ഒ എൻ വി സാഹിത്യ പുരസ്‌കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അർഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഡോ. അനിൽ വള്ളത്തോൾ, പ്രഭാവർമ്മ, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവരായിരുന്നു പുരസ്‌കാര നിർണയ സമിതി അംഗങ്ങളായി ഉണ്ടായിരുന്നത്

മീ ടു ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് കവി ഒ എൻ വിയുടെ സ്മരണാർഥമുള്ള പുരസ്‌കാരം നൽകിയതിനെതിരെ നടി പാർവതി, കെ ആർ മീര, ഗായിക ചിന്മയി ശ്രീപദ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരെ കൂടാതെ ചലച്ചിത്രരംഗത്തെ വനിതാ കൂട്ടായ്മയായ ഡ ബ്ല്യു സി സി അടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പുനഃപരിശോധിക്കുമെന്ന് അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചത്.

മീ ടു ക്യാമ്ബയിന്റെ ഭാഗമായി ലൈംഗികാരോപണം നേരിട്ട വ്യക്തിയാണ് വൈരമുത്തു. ഗായിക ചിന്മയി അടക്കം നിരവധി പേർ വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു.

Top