നടിയും സുഹൃത്തും ആയ രമ്യ നമ്പീശന്‍റെ വീട്ടിലേക്ക് പോകും വഴിയാണ് നടി അതി ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായത്.സംഭവം നടന്നതിന് ശേഷം ഏറെനാള്‍ നടി താമസിച്ചതും രമ്യ നമ്പീശന്‍റെ കൊച്ചിയിലെ വീട്ടില്‍ തന്നെ ആയിരുന്നു. സ്വന്തം വീടിനേക്കാള്‍ നടിയ്ക്ക് ആശ്വാസം നല്‍കിയിരുന്നത് രമ്യയുടെ സാമീപ്യം ആയിരുന്നു.
ഇപ്പോള്‍ രമ്യയുടെ പ്രതികരണം കണ്ടാല്‍ അറിയാം ആ സംഭവം എത്രത്തോളം രമ്യയെയും സങ്കടപ്പെടുത്തിയിട്ടുണ്ടന്ന്. ദിലീപിന്‍റെ അറസ്റ്റില്‍ പരസ്യമായി പ്രതികരണം നടത്തിയ അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് രമ്യ നമ്പീശന്‍.
സത്യം ജയിക്കുന്നു. കൂട്ടുകാരിയോടൊപ്പം അവസാനം വരെ… കേരള പോലീസിനൊരു ബിഗ് സല്യൂട്ട് ഇങ്ങനെ ആയിരുന്നു രമ്യ നമ്പീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഇത്. താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് രമ്യ നമ്പീശന്‍. ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി ഏറ്റവും ശക്തമായി രംഗത്ത് വന്നവരില്‍ ഒരാള്‍ ആണ് രമ്യ.
മുഖ്യധാരാ സിനിമ താരങ്ങള്‍ ആരും ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല. പ്രതികരിക്കാന്‍ കാണിച്ച രമ്യയുടെ ധൈര്യത്തിന് അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍മീഡിയയിലൂടെ ലഭിക്കുന്നത്.


