പാലായിൽ വീട്ടുമുറ്റത്ത് നിന്നും ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ചു: രണ്ടു ലക്ഷം രൂപ വില വരുന്ന ബൈക്ക് വിറ്റത് 20000 രൂപയ്ക്ക്: നാലു പ്രതികൾ പിടിയിൽ

പാലാ: വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ തിരുവനന്തപുരം കൊല്ലം സ്വദേശികൾ അടങ്ങിയ നാലംഗ സംഘം പിടിയിൽ. തിരുവനന്തപുരം വക്കം പാക്കിസ്ഥാൻമുക്ക് വാടപ്പുറം വീട്ടിൽ സബീർ മകൻ അജീർ (21), കൊല്ലം ചന്ദനത്തോപ്പ് അൽത്താഫ് മൻസിൽ വീട്ടിൽ നാസർ മകൻ അജ്മൽ (22), ചന്ദനത്തോപ്പ് തെറ്റിവിള പുത്തൻവീട്ടിൽ രതീഷ് മകൻ ശ്രീജിത്ത്‌ (22), കൊല്ലം കരീക്കോട് പുത്തൻപുര തെക്കേതിൽ താഹ മകൻ തജ്മൽ (23)എന്നിവരെ പാലാ ഡിവൈ.എസ്.പി പ്രഫുല്ല ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാർച്ച്‌ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മാർച്ച് ഒന്നിന് പുലർച്ചെയോടെ പാലാ ഞൊണ്ടിമാക്കൽ കവല ഭാഗത്തുള്ള ചേന്നാട്ട് വീട്ടിൽ ജോയ് ജോസഫിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഡ്യൂക്ക് ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്. ബൈക്ക് മോഷണം പോയതായി പരാതി ലഭിച്ചതോടെ ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദേശപ്രകാരം പാലാ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തുകയായിരുന്നു.

പാലായ്ക്കു സമീപമുള്ള ഒരു പാൽ കമ്പനിയിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതികൾ ജോലി ചെയ്തിരുന്നത്. രാത്രിയിൽ പ്രതികൾ പാലാ-തൊടുപുഴ റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ വീടിന്റെ പോർച്ചിൽ ഇരിക്കുന്ന ഡ്യൂക്ക് ബൈക്ക് പ്രതികൾ കണ്ടു. തുടർന്ന് മൂന്നു പേരും ചേർന്ന് ബൈക്ക് മോഷ്ടിക്കാൻ പദ്ധതി തയാറാക്കി. തുടർന്ന് , മാർച്ച് ഒന്നിന് രാത്രി വൈകി പാൽ കമ്പനിയുടെ സ്കൂട്ടറിൽ പ്രതികൾ വീടിനു സമീപം എത്തി.

തുടർന്ന്, പ്രതികളായ അജീറും അജ്മലും ചേർന്ന് വീടിന്റെ പോർച്ചിൽ കയറി ബൈക്കിന്റെ ലോക്ക് തകർത്ത് മോഷ്ടിക്കുകയായിരുന്നു. ഈ സമയം ശ്രീജിത്ത്‌ വെളിയിൽ കാവൽ നിൽക്കുകയായിരുന്നു. ബൈക്ക് മോഷ്ടിച്ച് അജീർ തന്റെ സുഹൃത്തായ കൊല്ലത്തുളള തജ്മലിന് എത്തിച്ചുകൊടുത്തു. നിരവധി കഞ്ചാവ് കേസുകളിലും വധശ്രമകേസിലും പ്രതിയാണ് തജ്മൽ.

മോഷ്ടിച്ച ബൈക്കിന് രണ്ടു ലക്ഷത്തോളം രൂപ വിലവരുന്നുണ്ട്. ഈ ബൈക്ക് ഇരുപതിനായിരം രൂപയ്ക്കാണ് പ്രതികളിൽ നിന്നും തജ്മൽ വാങ്ങിയത്. തുടർന്ന് , ഈ ബൈക്ക് കഞ്ചാവു കടത്തിനും മറ്റു സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുകയാണ് തജ്മൽ ചെയ്തിരുന്നത്. വാഹനത്തിൽ രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചുമാണ് പതികൾ ഉപയോഗിച്ചിരുന്നു. മോഷണത്തിന് ശേഷം അജീർ പാലായിലെ ജോലി ഉപേക്ഷിച്ച് പെരുമ്പാവൂരുള്ള പാൽ കമ്പനിയിൽ ജോലിക്ക് കയറുകയായിരുന്നു.

അടുത്ത ബൈക്ക് മോഷ്ടിക്കുന്നതിനാ യി പദ്ധതി തയ്യാറാക്കുന്നതിനിടെ അജീറിനെ പെരുമ്പാവൂരുനിന്നും അജ്മലിനെയും ശ്രീജിത്തിനെയും പാലായിൽ നിന്നും തജ്‌മലിനെയും മോഷ്ടിച്ച ബൈക്കും കൊല്ലം കരീക്കോടുള്ള വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പാലാ ഇൻസ്‌പെക്ടർ സുനിൽ തോമസ്, എസ് ഐ മാരായ ശ്യാംകുമാർ കെ.എസ്, ജോർജ് കെ.എസ്, തോമസ് സേവ്യർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺചന്ദ്, ഷെറിൻ സ്റ്റീഫൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Top