ന്യൂഡല്‍ഹി: അസാധുവായ നോട്ടുകള്‍ സ്വീകരിക്കാന്‍ റേഷന്‍ നല്‍കാന്‍ കടയുടമകള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ റേഷന്‍ കട കൊള്ളയടിച്ചു. ശനിയാഴ്ച ഉച്ചയോടെ മധ്യപ്രദേശിലെ ചത്താര്‍പൂര്‍ മേഖലയിലാണ് സംഭവം. മണിക്കൂറുകളോളം റേഷന്‍ കടയ്ക്കു മുമ്പില്‍ ക്യൂ നിന്നിട്ടും പഴയ നോട്ടുകള്‍ സ്വീകരിച്ച് റേഷന്‍ നല്‍കില്ലെന്ന് കടയുടമ അറിയിച്ചതോടെ രോഷാകുലരായ നാട്ടുകാര്‍ റേഷന്‍ കട കൊള്ളയടിക്കുകയായിരുന്നു. കടയുടമയുമായി ആദ്യം വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഗ്രാമീണര്‍ ഒടുവില്‍ റേഷന്‍ കടയില്‍ നിന്ന് അരിയും ഗോതമ്പും പഞ്ചസാരയും എടുത്തുകൊണ്ടുപോകുകയായിരുന്നു.
കള്ളപ്പണം ഇല്ലാതാക്കാന്‍ എന്നു പറഞ്ഞ് നവംബര്‍ എട്ടിന് രാത്രിയോടെ 500രൂപ, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചതോടെ നിത്യോപയോഗ സാധനങ്ങള്‍ പോലും വാങ്ങാന്‍ കാശില്ലാതെ ബുദ്ധിമുട്ടുകയാണ് വലിയൊരു വിഭാഗം ജനങ്ങള്‍. സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് ഒട്ടും പരിഗണന നല്‍കാത്തതാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനമെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. 2000 നോട്ടുകള്‍ പുറത്തിറങ്ങിയിലെങ്കിലും ഇതു കിട്ടാന്‍ മണിക്കൂറുകളോളം ബാങ്കിനുമുമ്പില്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. അത്തരത്തില്‍ കിട്ടുന്ന 2000 രൂപയ്ക്ക് 500 രൂപ നോട്ടുകള്‍ മാര്‍ക്കറ്റിലെത്തിയിട്ടില്ലെന്നതിനാല്‍ നൂറു രൂപ നോട്ടുകളുടെ ചില്ലറ തരേണ്ടി വരുന്നതിനാല്‍ മിക്ക കടയുടമകളും ഇവ സ്വീകരിക്കാന്‍ മടിക്കുകയാണ്.