കണ്ണൂര്‍: യുവതിയുടെ നഗ്ന മൃതശരീരം ഫോട്ടോയെടുത്ത രണ്ട് മെഡിക്കള്‍ കോളേജ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അനാട്ടമി വിഭാഗം ജീവനക്കാരായ പേരാവൂര്‍ മണത്തണയിലെ മാവുള്ളകണ്ടി മനോജ് (40), കടന്നപ്പള്ളി അരീക്കര ഹൗസിലെ സുനില്‍കുമാര്‍ (44) എന്നിവരാണ് അറസ്റ്റിലായത്.
ചികിത്സാപ്പിഴവുമൂലം മരിച്ച കുഞ്ഞിമംഗലത്തെ യുവതിയുടെ മൃതദേഹം എംബാം ചെയ്തു സൂക്ഷിക്കാന്‍ കഴിഞ്ഞ ചൊവ്വാഴ്ച പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചിരുന്നു. ഗള്‍ഫിലുള്ള സഹോദരന്‍ വരുന്നതുവരെ മൃതദേഹം സൂക്ഷിക്കാനായിരുന്നു തീരുമാനം. യുവതിയുടെ മൃതദേഹം എംബാം ചെയ്യുന്നതിനിടെ ജീവനക്കാര്‍ ഫോട്ടോയെടുക്കുകയായിരുന്നെന്നാണ് പരാതി.
സുനില്‍കുമാറിനായിരുന്നു എംബാം ചെയ്യാനുള്ള ചുമതല. എന്നാല്‍, ഇയാള്‍ മദ്യപിച്ചു ഡ്യൂട്ടിക്കെത്തിയതിനേത്തുടര്‍ന്നു യുവതിയുടെ ബന്ധുക്കള്‍ പ്രശ്‌നമുണ്ടാക്കുകയും മറ്റൊരു ജീവനക്കാരനായ മനോജിനെക്കൂടി ചുമതലയേല്‍പിക്കുകയുമായിരുന്നു. തുടര്‍ന്ന് മനോജ് മൃതദേഹത്തിന്റെ നഗ്‌ന ഫോട്ടോ മൊബൈല്‍ കാമറയില്‍ പകര്‍ത്തി. യുവതിയുടെ ബന്ധുക്കള്‍ ഇതുകണ്ട് ബഹളം കൂട്ടിയതോടെ മനോജ് ഓടി രക്ഷപ്പെട്ടു. ബന്ധുക്കളുടെ പരാതിപ്രകാരം സുനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മനോജിനെ ഇന്നലെയാണു പിടികൂടിയത്.


