ഷഹീൻ ബാഗിലെ പ്രതിഷേധത്തിനെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി…!! നിങ്ങളെ രക്ഷിക്കാന്‍ നാളെ അമിത് ഷായോ മോദിയോ ഉണ്ടായിക്കൊള്ളണമെന്നില്ല

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ശഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ വിദ്വേഷപരാമര്‍ശവുമായി ബിജെപി നേതാവ് രംഗത്തെത്തി. ബിജെപി എംപി കൂടിയായ പര്‍വേഷ് വര്‍മയാണ് വിദ്വേഷ പരാമർശം നടത്തിയിരിക്കുന്നത്.  ശഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ വീടുകളില്‍ പ്രവേശിക്കുമെന്നും സഹോദരിമാരെയും പെണ്‍മക്കളെയും ബലാല്‍സംഗം ചെയ്ത് കൊല്ലുമെന്നുമായിരുന്നു എംപിയുടെ പ്രസ്താവന.

‘ലക്ഷക്കണക്കിന് ആളുകളാണ് അവിടെ (ഷഹീന്‍ബാഗില്‍) കൂടിയിരിക്കുന്നത്. ഡല്‍ഹിയിലെ ആളുകള്‍ ചിന്തിക്കുകയും തീരുമാനമെടുക്കുകയും വേണം. അവര്‍ നിങ്ങളുടെ വീടുകളില്‍ കയറും. നിങ്ങളുടെ പെണ്‍മക്കളേയും സഹോദരിമാരേയും ബലാത്സംഗം ചെയ്യും. അവരെ കൊന്നു കളയും. ഇന്നാണ് അതിന്റെ സമയം. നിങ്ങളെ രക്ഷിക്കാന്‍ നാളെ അമിത് ഷായോ മോദിയോ ഉണ്ടായിക്കൊള്ളണമെന്നില്ല’ പര്‍വേശ് വര്‍മ പറഞ്ഞു. പശ്ചിമ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പര്‍വേശ് വര്‍മയുടെ പരാമര്‍ശം.

കെജ്‌രിവാള്‍ പ്രക്ഷോഭകരെ സഹായിക്കുന്നുണ്ടെന്ന് പര്‍വേശ് ആരോപിച്ചു. ‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കശ്മീരിലുണ്ടായ തീ ഡല്‍ഹിക്കാര്‍ക്കറിയാം. കശ്മീരി പണ്ഡിറ്റുകളുടെ പെണ്‍മക്കളുടേയും സഹോദരിമാരിയുടേയും ബലാത്സംഗത്തിലേക്കാണ് അത് നയിച്ചത്. ഈ തീ പിന്നെ ഉത്തര്‍പ്രദേശിലും ഹൈദരാബാദിലും കേരളത്തിലും അടയാളം കാണിച്ചു. ഇപ്പോഴത് ഡല്‍ഹിയുടെ ഒരു മൂലയിലുമെത്തിയിരിക്കുന്നു’- വര്‍മ വിഷലിപ്തമായി. ബി.ജെ.പി ഡല്‍ഹിയില്‍അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഷഹീന്‍ബാഗ് സമരക്കാരെ തുടച്ചു നീക്കുമെന്നും പര്‍വേശ് മുന്നറിയിപ്പു നല്‍കി.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നത് ബി.ജെ.പി നേതാക്കള്‍ പതിവാക്കിയിരിക്കുകയാണ്. നേരത്തെ ഡൽഹി തെരഞ്ഞെടുപ്പ് ഇന്ത്യാ പാകിസ്ഥാൻ പോരാട്ടമാണെന്ന് പ്രസ്താവന നടത്തിയ ബിജെപി നേതാവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചിരുന്നു.

Top