ചിറയൻകീഴ് : ചിറയിൻകീഴ് പട്ടാപ്പകൽ യുവാവിനെ റോഡിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയെ പൊലീസ് പിടികൂടി.ആറ്റിങ്ങൽ സി.ഐ എം.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പൊലിസ് ഇന്ന് പുലർച്ചെ പാലോട് നിന്നാണ് മുsപുരം വക്കത്തു വിള വീട്ടിൽ അനന്തുവിനെ (26) പിടികൂടിയത്. അനന്തുവിന്റെ കൂട്ടാളിയായ ശ്രീക്കുട്ടനു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. അനന്തു ചിറയിൻകീഴ് സ്റ്റേഷനിലെ രണ്ട് കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ 13 ന് 5 മണിയോടെ കനത്ത മഴയത്ത് മുടപുരം ജംഗ്ഷനിലായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികൾ അവിടെ വട്ടമിട്ട് കറങ്ങുകയും പല വാഹനങ്ങളേയും ഇടിക്കുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത മുടപുരം ചരുവിള വീട്ടിൽ സുധീറിനെ (44) യുവാക്കൾ പിടിച്ചിറക്കി റോഡിലിട്ട് മാരകമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ സുധീർ ചിറയിൻകീഴ് താലൂക്കാശുപത്രിയിലും ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു .സംഭവം നടന്നതിന് അടുത്ത ദിവസം ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പിന്നീട് പുറത്തു വച്ച് മധ്യസ്ഥതയിൽ പ്രതികൾ പണം നൽകി പ്രശ്നം ഒത്തുതീർപ്പാക്കിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. അക്രമ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കേസെടുക്കാൻ ആറ്റിങ്ങൽ സി.ഐയ്ക്ക് റൂറൽ എസ്പി അശോക് കുമാർ നിർദ്ദേശം നൽകുകയായിരുന്നു


