സ്വന്തം ലേഖകൻ
കൊച്ചി: സ്‌കൂളിൽ പായസം വിതരണം ചെയ്യാനുള്ള കുട്ടിയുടെ ശ്രമത്തെ വിലക്കിയ സ്‌കൂൾ അധികൃതരുടെ നിലപാടിനെതിരെ കുട്ടിയുടെ പിതാവ് തന്നെ സോ്ഷ്യൽ മീഡിയയിൽ രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇരുവിഭാഗങ്ങൾ ഇതിനോടകം രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് സംഭവത്തിൽ പ്രതികരണവുമായി സ്‌കൂൾ അധികൃകരും രംഗത്ത് എത്തിയത്.
കോട്ടയത്തെ ക്രിസ്തീയ സഭയ്ക്ക് കീഴിലുള്ള സ്‌കൂളിൽ നിന്നാണ് തന്റെ മകൾക്ക് ഈ അനുഭവമുണ്ടായതെന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുട്ടിയുടെ അച്ഛൻ ബൈജു സ്വാമി എന്നയാൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിക്കഴിഞ്ഞു. ഈ വിഷത്തിൽ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ആരോപണത്തിൽ കഴമ്പില്ലെന്ന വാദവുമായി സ്‌കൂൾ അധികൃതരും രംഗത്തെത്തി. ഇങ്ങനെയൊരു സംഭവം ഉണ്ടായതായി അറിവില്ലെന്ന് സ്‌കൂൾ അഡ്മിനിസ്സ്ട്രേറ്റർ ഫാ. കുര്യൻ അഴിമുഖത്തോട് പറഞ്ഞു.
‘ഇന്ന് രാവിലെയാണ് ഞാൻ ഈ സംഭവം അറിഞ്ഞത്. അതിന് ശേഷം ഞാൻ ഇക്കാര്യം അന്വേഷിച്ചു. അപ്പോൾ നാലാം ക്ലാസ്സിലെ ഒരു കുട്ടി ചെറിയ ഒരു പാത്രത്തിൽ കുറച്ച് പായസവുമായി ക്ലാസ്സിൽ വന്നുവത്രേ. ക്ലാസ് ടീച്ചറുടെ അടുത്ത് കുട്ടിയത് കൊണ്ടുചെന്നപ്പോൾ ‘മോളേ എനിക്ക് ഇപ്പോൾ പായസം വേണ്ട’ എന്ന് പറഞ്ഞു. സഹപാഠികൾക്ക് കൊടുക്കാനാണോ കൊണ്ടുവന്നത് എന്ന് ആ കുട്ടിയോട് ചോദിച്ചപ്പോൾ, അല്ല, ഞാൻ അധ്യാപകർക്ക് കൊടുക്കാനാണ് കൊണ്ടുവന്നതെന്ന് പറഞ്ഞു. എന്നാൽ ഇന്റർവെല്ലിന് അത് കൊടുക്കാം എന്ന് അധ്യാപിക പറഞ്ഞു. ആ ക്ലാസ് കഴിഞ്ഞ് ടീച്ചർ പോയി. ടീച്ചർ പിന്നീട് അക്കാര്യം ഓർത്തതുമില്ല, ചോദിച്ചതുമില്ല. ഏതെങ്കിലും മറ്റ് അധ്യാപകർക്ക് അത് കൊടുത്തിട്ടുണ്ടോ എന്ന് ആ ടീച്ചർക്ക് അറിയുകയുമില്ല. ഞാനന്വേഷിച്ചപ്പോൾ അത് കുട്ടി ആർക്കും കൊടുത്തതായി അറിവില്ല. കുട്ടി അത് തിരികെ വീട്ടിൽ കൊണ്ടു പോയതായാണ് ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് കിട്ടിയ വിവരം. ഇവിടുത്തെ പ്രിൻസിപ്പൽ അടക്കം എഴുപത് ശതമാനത്തിലധികം അധ്യാപകർ ഹിന്ദുക്കളാണ്. ഒരാളുടെയടുത്തും ഞങ്ങൾ ഇതേവരെ പ്രത്യേകമായ വിവേചനം കാണിക്കുകയോ, ഏതെങ്കിലും പ്രത്യേക കാര്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല’- ഫാ. കുര്യൻ പ്രതികരിച്ചു.
അമ്പലത്തിലെ പായസമായതിനാൽ പ്രധാനാധ്യാപികയടക്കമുള്ളവർ നിരസിച്ചുവെന്നും ഭാര്യയുടെ സുഹൃത്തായ ഒരു അധ്യാപിക മാത്രമാണ് പായസം കഴിക്കാൻ തയ്യാറായതെന്നും ബൈജു ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ക്രിസ്തീയ മതവിശ്വാസികളായ സഹപാഠികളും പായസം നിരസിച്ചത് തന്റെ മകളെ ഏറെ വേദനിപ്പിച്ചു. നാലാം ക്ലാസ്സിൽ പഠിക്കുന്ന മകൾ കരഞ്ഞുകൊണ്ട് വീട്ടിലെത്തിയതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് താൻ ആ വിവരം അറിഞ്ഞത്. മകൾ പഠിക്കുന്ന സ്‌കൂൾ കോട്ടയം രൂപതയുടെ കീഴിലുള്ളതാണെന്നും അവിടുത്തെ ഭൂരിഭാഗം അധ്യാപകരും ക്രിസ്ത്യൻ പശ്ചാത്തലം ഉള്ളവരാണെന്നും ഒരു ഹിന്ദു അധ്യാപിക മാത്രമാണ് പായസം കഴിക്കാൻ തയ്യാറായതെന്നും ബൈജു കുറിപ്പിൽ പറയുന്നു.
‘എന്റെ ഏക മകൾ 9 വയസുകാരിയും ഒരു കോൺവെന്റ് സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുമാണ്. അവൾ വളരെ അഗ്രസീവ് ആയ വായാടിയായതുകൊണ്ട് സ്‌കൂളിൽ പ്രിൻസിപ്പൽ മുതൽ പ്യൂൺ വരെ ഉള്ളവരുടെ ”സുഹൃത്താണ്”. ഇന്നലെ ഞാൻ ഒരു യാത്ര കഴിഞ്ഞു രാത്രി വൈകി വീട്ടിൽ എത്തിയപ്പോളും മകൾ കരഞ്ഞു കൊണ്ട് ആഹാരം കഴിക്കാതെ ഇരിക്കുകയായിരുന്നു. ഭാര്യയോട് കാര്യം അന്വേഷിച്ചപ്പോൾ ഭാര്യ പൊട്ടിത്തെറിക്കുന്നു. സംഭവം ഇങ്ങനെ.
മിനിഞ്ഞാന്ന് മകളുടെ 9 വയസു തികയുന്ന കർക്കിടകത്തിലെ പൂരം ആയിരുന്നു. ഭാര്യയും മകളും കൂടി അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ കുറെ പൂജകളും അന്നദാനവും കുറെ അധികം കിട്ടുന്ന ആറുനാഴി, കൂട്ട് പായസം എന്ന് വിളിക്കുന്ന അതീവ രുചിയുള്ള പായസവും ഒക്കെ ഉണ്ടാക്കിയിരുന്നു. അന്ന് വൈകിട്ട് ദീപാരാധനയ്ക്കു ശേഷം ആ പായസം വീട്ടിൽ എത്തിച്ചിരുന്നു. ഇന്നലെ മകൾ ആ പായസത്തിൽ കുറെ അധികം സ്‌കൂളിൽ അവളുടെ ക്ളാസ് മേറ്റുകൾക്കും അധ്യാപകർക്കും കൊടുക്കാനായും സ്വീറ്റ്‌സും ഒക്കെ വാങ്ങി കൊണ്ട് പോയിരുന്നു. അത് അവൾ വിതരണം ചെയ്തപ്പോൾ ഒരു ടീച്ചർ ഒഴികെ പ്രിൻസിപ്പൽ അടക്കം എല്ലാവരും കഴിക്കാതെ ഇരുന്നാണ് മകളുടെ കരച്ചിലിന് കാരണം. അതിലെന്താണ് കരയുന്നത് എന്ന് ചോദിച്ചപ്പോളാണ് ഭാര്യയുടെ ചിന്തോദീപകമായ മറുപടി എന്നെ ഭൂമിയിലേക്ക് തിരിച്ചെത്തിച്ചത്. അവൾ പറഞ്ഞ വസ്തുത എന്നെ കേരളത്തിന്റെ അടിസ്ഥാനമായ ഒരു നീറുന്ന യാഥാർഥ്യത്തിലേക്ക് ക്രാഷ് ലാൻഡ് ചെയ്യിച്ചു. ഈ സ്‌കൂൾ കോട്ടയം രൂപതയുടെ കീഴിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒന്നാണ്. പഠിപ്പിക്കുന്നവരിൽ സിംഹ ഭാഗവും ക്രിസ്ത്യൻ പശ്ചാത്തലം ഉള്ള ആളുകളും. അമ്പലത്തിലെ പായസം അവരുടെ മത വിശ്വാസത്തെ ഹനിക്കുന്നത് കൊണ്ടാണ് അവർ കഴിക്കാത്തതത്രേ. എനിക്ക് ആ വാദം അത്ര ശെരിയായി തോന്നാത്തത് കൊണ്ട് ഞാൻ ഭാര്യയോട് താത്വിക ലൈനിൽ ഒരു ടീച്ചർ കഴിച്ചല്ലോ എന്ന് വാദിച്ചു. അപ്പോൾ അവൾ പറഞ്ഞ മറുപടി സത്യമല്ല എന്ന് വാദിക്കാൻ എനിക്കാവില്ല. പായസം വാങ്ങിയ ഏക ടീച്ചർ ഹിന്ദു ആണെന്നും ഭാര്യയുടെ സുഹൃത്താണെന്നും എന്താണുണ്ടായതെന്നു എന്റെ ഭാര്യ വിളിച്ചു ചോദിക്കുകയും ചെയ്തത്രേ. ഇനി പറയുന്ന കാര്യമാണ് എന്നെ കേരളത്തിന്റെ യെതാർത്ഥ അവസ്ഥ ബോധ്യപ്പെടുത്തിയത്. ക്ളാസിൽ അവൾ കുട്ടികൾക്ക് കൊടുത്ത പായസം പോലും ഇത് പോലെ കൊതിയുണ്ടെങ്കിലും മറ്റു സമുദായത്തിലുള്ള കുട്ടികൾ കഴിച്ചില്ല അത്രേ. അവരെ വീട്ടുകാർ ഇത് പോലെ വിലക്കിയിട്ടുണ്ടത്രെ..!
ഫേസ്ബുക്കിലൂടെ മതേതരത്വം ഹോമിയോ മരുന്ന് പോലെ രോഗാതുരമായ സമൂഹത്തിനു വിളമ്പുന്ന ഒരു മതേതര വാദി ആയ എനിക്ക് ഇതൊരു റിയാലിറ്റി ചെക്ക് ആയിരുന്നു. വർഗീയത എന്ന വിഷം അടുത്ത തലമുറയിലും കുത്തി വെയ്ക്കുന്ന ഇത്തരം സ്‌കൂളുകൾ എന്തിനു വേണം എന്നാണ് ഞാൻ ആലോചിച്ചത്. നമ്മളോ നശിച്ചു, അടുത്ത തലമുറ എങ്കിലും മനുഷ്യത്വമുള്ള കാഴ്ചപ്പാടോടെ ജീവിക്കാനാവശ്യമായ കാര്യം പറഞ്ഞു കൊടുത്തു കണ്ണ് തുറക്കേണ്ട സ്ഥാപനങ്ങൾ അല്ലെ സ്‌കൂളുകൾ? കാരുണ്യം എന്നൊക്കെ സാധാരണക്കാരെ ഉത്ബോധിപ്പിച്ചു മനുഷ്യന് വേണ്ടി കുരിശിലേറിയ യേശുവിന്റെ പേരിൽ ളോഹ ധരിച്ചു നടക്കുന്ന കുറെ ആഭാസന്മാർ അടുത്ത തലമുറയെ പോലും വിഷ വിത്തുകൾ ആക്കാനുള്ള ട്രെയ്‌നിങ് അല്ലെ കൊടുക്കുന്നത്.
ഞാൻ എന്റെ ഫേസ് ബുക് സുഹൃത്തുക്കളോട് ഇവിടെ ചോദിക്കുന്നു. ഇക്കാര്യത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടത്? ആരോടാണ് പരാതിപ്പെടേണ്ടത്? സാഹചര്യം മുതലെടുക്കാൻ വന്നു എന്നിൽ വിഷം കുത്തിവയകാനുള്ള ശ്രമം വേണ്ട. അവർ കുഴിക്കുന്ന കുഴിയിൽ അടുത്ത തലമുറ വീഴാതെ ഇരിക്കാനുള്ള ശ്രമം ആണ് എന്റേത്. ക്രിയാത്മകമായ മറുപടി ഉണ്ടാവണം’


