ദിലീപിനെ ചിലര്‍ കുടുക്കിയതാണ്; അവന് അത്തരത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ച് ജി.സുരേഷ് കുമാര്‍

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ ചിലര്‍ കടുക്കിയതാണെന്ന് പ്രമുഖ നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍. ദിലീപിന് ആ സംഭവത്തില്‍ പങ്കില്ലെന്ന് താന്‍ 100 ശതമാനം വിശ്വസിക്കുന്നു. ദിലീപിന് അങ്ങനെ ഒരു കാര്യം ചെയ്യാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നു. കാരണം കാണുമായിരിക്കും. കുടുക്കാന്‍ താല്‍പര്യമുള്ളവര്‍ എവിടെയെങ്കിലുമുണ്ടാകും- സുരേഷ് കുമാര്‍ പറഞ്ഞു.

ആരാണ് കുടുക്കിയതെന്ന കാര്യത്തില്‍ എനിക്ക് അഭിപ്രായം പറയാന്‍ സാധിക്കില്ല. എന്റെ സിനിമയിലാണ് ദിലീപ് ആദ്യമായി സഹസംവിധായകനായി എത്തുന്നത്. അന്നുമുതല്‍ എനിക്ക് അവനെ അറിയാം. അയാള്‍ക്ക് അത്തരത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് എന്റെ വിശ്വാസം. അത് എന്റെ അഭിപ്രായമാണെന്നും ആരെയും അടിച്ചേല്‍പ്പിക്കുന്നില്ലെന്നും സുരേഷ് കുമാര്‍ കൗമുദി ടിവിയിലെ സ്‌ട്രേറ്റ് ലൈന്‍ എന്ന പരിപാടിയില്‍ പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന അമ്മ സംഘടനയുടെ യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് നാല് നടികള്‍ സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു. സംഭവം ചര്‍ച്ചയാകുന്നതിനിടയിലാണ് പ്രമുഖ നിര്‍മാതാവായ സുരേഷ് കുമാറിന്റെ പരാമര്‍ശം.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാല് തവണ ജാമ്യാപേക്ഷ നല്‍കിയിട്ടും കോടതി ഇത് തള്ളിയിരുന്നു. അഞ്ചാം തവണയാണ് ദിലീപിന് ജാമ്യം ലഭിച്ചത്. ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.

നടന്‍ സിദ്ദീഖും ദിലീപിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിയില്‍ സംസാരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും അതിനു മുന്‍പുള്ള വിചാരണകള്‍ ഒഴിവാക്കണമെന്നുമാണ് സിദ്ദീഖ് പറഞ്ഞത്. അന്വേഷണം ഇപ്പോള്‍ ശരിയായ വഴിയിലാണെന്നും സിദ്ദീഖ് പറഞ്ഞു.

തന്നെ ഉത്തരം പറയാന്‍ പോലും സമ്മതിക്കാതെ സ്വാതന്ത്ര്യം നിഷേധിക്കുന്നതു മാധ്യമങ്ങളാണെന്നും സിദ്ദീഖ് പറഞ്ഞു. ഒരു ചാനല്‍ അവതാരകന്‍ തന്നെ നരാധമന്‍ എന്നാണു വിളിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടനൊപ്പം നിന്നതിനാണ് അത്. സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പറഞ്ഞതും ഗൂഢാലോചന നടത്തിയെന്നു പറഞ്ഞതും മറ്റൊരു കുറ്റവാളിയായ പള്‍സര്‍ സുനിയാണ്. പിന്നീട്, ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ കോടതി തീരുമാനം പറയട്ടെയെന്നും സിദ്ദീഖ് പറഞ്ഞു.

കേസില്‍ ചോദ്യം ചെയ്യാനായി നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായെയും ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇരുവരെയും തിരികെ കൊണ്ടുപോകാന്‍ നടന്‍ സിദ്ദീഖ് ഉള്‍പ്പെടെയുള്ളവര്‍ പൊലീസ് ക്ലബിലേക്ക് എത്തി. അന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് സിദ്ദീഖ് നല്‍കിയ മറുപടി പിന്നീടു വിവാദമായിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചാണ് തന്റെ സ്വാതന്ത്ര്യം നിഷേധിച്ചത് മാധ്യമങ്ങളാണെന്ന് സിദ്ദീഖ് പറഞ്ഞത്.

മാത്രമല്ല, സിനിമാമേഖലയില്‍ നിന്നുള്ള കാര്യങ്ങള്‍ മുഴപ്പിച്ചു കാണിക്കാന്‍ പൊലീസിന്റെയും മാധ്യമങ്ങളുടെയും ഭാഗത്തുനിന്നു ശ്രമമുണ്ടാകാറുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയുളള 485 പേരില്‍ മൂന്നു പേരാണു നികുതിവെട്ടിക്കലില്‍ ഉള്‍പ്പെട്ടത്. അതൊരു കുറഞ്ഞ ശതമാനമാണ്. അതില്‍ത്തന്നെ ഒരാള്‍ മുഴുവന്‍ പിഴയും അടച്ചു. ബാക്കി എത്രയോ പേര്‍ നികുതി വെട്ടിക്കുന്നു. അതൊന്നും ഇത്രയേറെ ആഘോഷിക്കപ്പെടാറില്ലെന്നും സിദ്ദീഖ് പറഞ്ഞു.

Top