സൗമ്യയുടെ ആത്മഹത്യ: കുറ്റകരമായ അനാസ്ഥ, ആറുപേര്‍ക്കെതിരെ നടപടിക്ക് സാധ്യത; ആത്മഹത്യാക്കുറിപ്പിലെ ശ്രീയെ അന്വേഷിച്ച് പോലീസ്

തിരുവനന്തപുരം: പിണറായി കൂട്ടക്കൊലക്കേസ് പ്രതിയായിരുന്ന സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സൂപ്രണ്ട് ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ നടപടിയുണ്ടാകും. ജീവനക്കാരുടെ ഭാഗത്തുണ്ടായ വലിയ അനാസ്ഥയാണെന്ന് ഉത്തരമേഖല ജയില്‍ ഡിഐജി പ്രദീപിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് കൈമാറും. സൗമ്യയുടെ ഡയറിയാണ് പോലീസിന് പുതിയ തലവേദന ആയിരിക്കുന്നത്.

ഡയറി കുറിപ്പിലും ആത്മഹത്യാ കുറിപ്പിലുമെല്ലാം സൗമ്യ എഴുതിയിട്ടുള്ള ശ്രീ എന്നയാള്‍ ആരാണെന്ന് തിരിച്ചറിയാനുള്ള നെട്ടോട്ടത്തിലാണ് പോലീസ്. നേരത്തേ കൊലപാതകത്തില്‍ സൗമ്യയ്ക്കൊപ്പം മറ്റൊരാള്‍ക്കും കൂടി പങ്കുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങളെ ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ നിരപരാധിയാണെന്നും കൊലപാതകം നടത്തിയത് മറ്റൊരാളാണെന്നും വ്യക്തമാക്കി സൗമ്യ എഴുതിയ ഡയറികുറിപ്പുകള്‍ പുറത്തുവന്നിരുന്നു. ഈ കുറിപ്പിലുള്ള ആണ്‍ സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. ആരേയും കൊന്നിട്ടില്ലെന്ന് തനിക്ക് തെളിയിക്കാന്‍ കഴിയുമെന്ന് സൗമ്യ കുറിപ്പുകളില്‍ ആവര്‍ത്തിക്കുന്നുണ്ട്. അഞ്ച് നോട്ട് ബുക്കുകളിലും പേപ്പറിലുകളിലുമായുള്ള കുറിപ്പുകളില്‍ താനുമായി ബന്ധമുണ്ടായിരുന്നവരെ കുറിച്ചുള്ള വിവരങ്ങളെല്ലാം ഉണ്ടായിരുന്നു.

മകളെ അഭിസംബോധന ചെയ്ത് എഴുതിയ കുറിപ്പുകളില്‍ താന്‍ നിരപരാധിയാണെന്നും അമ്മ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണെന്നുമാണ് സൗമ്യ കുറിച്ചിരിക്കുന്നത്. പുറത്ത് വന്ന ശേഷം വീട്ടുകാരെ ഇല്ലാതാക്കിയവനെ തീര്‍ത്ത് യഥാര്‍ത്ഥ കുറ്റവാളിയായി ജയിലിലേക്ക് വരുമെന്ന് സൗമ്യ എഴുതിയിട്ടുണ്ട്. മൂത്ത മകള്‍ ഐശ്വര്യയോട് പറയുന്ന രീതിയിലാണു ജയിലില്‍ വച്ചെഴുതിയ കുറിപ്പ് തുടങ്ങുന്നത്. ”അമ്മ അവനെ കൊല്ലും. എന്നിട്ട് ശരിക്കും കൊലയാളിയായി ജയിലിലേക്ക് തിരിച്ചു വരും. കുടുംബം ബാധ്യതയല്ലായിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെടുത്തണം. കൊലപാതകത്തില്‍ പങ്കില്ലെന്നു തെളിയും വരെ ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും െദെവം നടത്തിത്തരും ”- ഈ പരാമര്‍ശമാണ് ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുന്നത്. സൗമ്യ എഴുതിയതതെന്ന് കരുതുന്ന ആറു ഡയറികളാണു പോലീസ് കണ്ടെത്തിയിട്ടുള്ളത്.

ജയില്‍ അധികൃതര്‍ അനുവദിച്ചതിന് പുറമേ സൗമ്യ തന്നെ പണം കൊടുത്ത് നോട്ട് ബുക്കുകള്‍ വാങ്ങിയിരുന്നു. സൗമ്യ എഴുതിയെന്ന് പറയുന്ന കുറിപ്പുകള്‍ എല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചെറിയ െകെയക്ഷരത്തിലുള്ള കുറിപ്പുകള്‍ പരിശോധിച്ച് വരികയാണ്. സൗമ്യയുടെ മൃതദേഹത്തില്‍ നിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പിലെ െകെയക്ഷരം ഫോറന്‍സിക് പരിശോധന നടത്തുകയാണ്. ജയിലില്‍ എത്തിയ ശേഷം സൗമ്യ എഴുതിയ എല്ലാ കുറിപ്പുകളും പോലീസ് കണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കത്തിലുടനീളം സൗമ്യ തന്റെ ആണ്‍ സൗഹൃദങ്ങളെ കുറിച്ചാണ് വാചാലയായിരിക്കുന്നത്. ഓരോരുത്തരുമായുള്ള ബന്ധവും അവരുടെ സ്വഭാവ രീതികളുമെല്ലാം പറയുന്നുണ്ട്.

നിരവധിപ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ മിക്കവരും പ്രദേശത്ത് തന്നെയുള്ളവരാണ്. പലരുമായി സൗമ്യ വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്നു. പ്രദേശത്തെ ഒരു പാര്‍ട്ടി പ്രവര്‍ത്തകനുമായും ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇയാള്‍ പോലീസിനെ സ്വാധീനിച്ച് കേസ് അട്ടിമറിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മുന്‍പും ആത്മഹത്യാ പ്രേരണ കാണിച്ചിട്ടുള്ള സൗമ്യ ജയിലില്‍ തൂങ്ങി മരിച്ചത് സുരക്ഷാ വീഴ്ചയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ജയിലില്‍ റിമാന്‍ഡ് തടവുകാരി സൗമ്യ ആത്മഹത്യ ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഉത്തരമേഖലാ ജയില്‍ ഡി. ഐ.ജി എസ്. സന്തോഷ് കണ്ടെത്തി.

കൂട്ടകൊലക്കേസ് പ്രതിയായിട്ടും മതിയായ ശ്രദ്ധ നല്‍കിയില്ല. തൂങ്ങിമരിക്കാന്‍ ഉപയോഗിച്ചത് സഹതടവുകാരി ഉണക്കാനിട്ട സാരിയായിരുന്നു. പ്രതി ആത്മഹത്യാപ്രവണത കാണിക്കാത്തതുകൊണ്ടാണ് ശ്രദ്ധിക്കാതെ പോയതെന്നും ആര്‍ത്തവ സമയമായതിനാല്‍ ടോയ്ലറ്റിലേക്ക് എന്നു പറഞ്ഞാണ് പോയതെന്നുമുളള ജയില്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സൗമ്യയെ പാര്‍പ്പിച്ചിരുന്ന ജയിലില്‍ 23 ജീവനക്കാരുണ്ട്. തടവു പ്രതികള്‍ പുറത്തുപോകുമ്പോള്‍ ഈ ജീവനക്കാര്‍ അവര്‍ക്കൊപ്പം പോകണമെന്നാണ് ചട്ടം. എന്നാല്‍ സൗമ്യയുടെ കാര്യത്തില്‍ ഇത് പാലിച്ചില്ല. 19 തടവുകാരികളില്‍നിന്നും 20 ജീവനക്കാരികളില്‍ നിന്ന് ഡി. ഐ.ജി തെളിവെടുത്തു.

ജയില്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, അസിസ്റ്റന്റ് സൂപ്രണ്ട് എന്നിവര്‍ക്കെല്ലാം ഈ ആത്മഹത്യയില്‍ പരോക്ഷമായ പങ്കുണ്ട്. സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നുവെങ്കിലും ചുമതലയുള്ള അസി. സൂപ്രണ്ട് ജീവനക്കാര്‍ അറിയിച്ച ശേഷമാണ് സംഭവ സ്ഥലത്തെത്തുന്നത്. ജയിലില്‍ പുറംജോലിക്കായി പുറത്തിറങ്ങിയ സൗമ്യക്ക് ജീവനക്കാരില്‍ നിന്നും സഹതടവുകാരില്‍ നിന്നും അരമണിക്കൂറോളം മാറി നില്‍ക്കാന്‍ കഴിഞ്ഞത് വീഴ്ചയായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൗമ്യയുടെ കേസിന്റെ പ്രത്യേകത കണക്കിലെടുത്ത്, ഇവര്‍ക്ക് നിരീക്ഷണം വേണമെന്ന് പോലീസ് നേരത്തേ ജയില്‍ അധികൃതരെ അറിയിച്ചിരുന്നതാണ്. എന്നാല്‍, അത്തരത്തിലൊരു സുരക്ഷ ജയിലില്‍ ഉണ്ടായിരുന്നില്ല.

Top