പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

വള്ളിക്കുന്നം: മാവേലിക്കരയില്‍ കൊല്ലപ്പെട്ട സിപിഒ സൗമ്യയും അജാസുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സൗമ്യ ജോലിയില്‍ പ്രവേശിക്കുന്നതുമുതല്‍ ഇരുവരും തമ്മില്‍ പരിചയം ഉണ്ടായിരുന്നു. പിന്നീട് ഇത് പണമിടപാടിലേയ്‌ക്കെത്തി എന്നാണ് പുറത്ത് വരുന്ന വിവരം. സൗമ്യയുടെ അമ്മ ഇന്ദിരയാണ് ഇത് സംബന്ധിച്ച് മൊഴി നല്‍കിയത്.

‘ഇരുവരും തമ്മില്‍ പണമിടപാട് ഉണ്ടായിരുന്നു. സൗമ്യ അജാസില്‍ നിന്ന് ഒന്നേക്കാല്‍ ലക്ഷം രൂപ വാങ്ങിരുന്നു. ഇത് തിരികെ നല്‍കാനാനൊരുങ്ങിയെങ്കിലും അജാസ് സ്വീകരിച്ചില്ല. തുടര്‍ന്ന് സൗമ്യ പണം അജാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെങ്കിലും അജാസ് പണം തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് സൗമ്യ അമ്മ ഇന്ദിരയുമായി എറണാകുളത്തെത്തി അജാസിനെ നേരില്‍ കണ്ട് പണം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ പണം വാങ്ങാന്‍ തയ്യാറാകാതെ വിവാഹം ചെയ്യണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുകയായിരുന്നു’ സൗമ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു

മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യ വിവാഹം ചെയ്യണമെന്ന അജാസിന്റെ ആവശ്യം നിരസിക്കുകയായിരുന്നു. ഇരുവര്‍ക്കിടയിലെ പണമിടപാടാണ് ആറ് വര്‍ഷത്തെ സൗഹൃദം വഷളാക്കിയത്. അജാസില്‍ നിന്ന് നിരന്തരമായ ഭീഷണി നേരിട്ടിരുന്നതായി അമ്മയും പോലീസിന് മൊഴി നല്‍കി.

സമാനമായ മൊഴി സൗമ്യയുടെ മകന്‍ ഋഷികേശും പോലീസിന് നല്‍കിയിട്ടുണ്ട്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പോലീസിനോട് കാര്യങ്ങള്‍ പറയണമെന്നാണ് അമ്മ പറഞ്ഞിരിക്കുന്നതെന്നാണ് സൗമ്യയുടെ മൂത്തമകന്‍ ഋഷികേശ് പറഞ്ഞത്.

Top