അജാസ് മരണത്തിന് കീഴടങ്ങി..!! ക്രൂരനായ കൊലയാളിയും മടങ്ങുമ്പോള്‍ അമ്മയെ നഷ്ടപ്പെട്ട മക്കള്‍ മാത്രം ബാക്കിയാകുന്നു

ആലപ്പുഴ: കേരളത്തെ നടുക്കിയ ക്രൂരമായ കൊലപാതകത്തിലെ പ്രതിയും മരണത്തിന് കീഴടങ്ങി. വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ അജാസ് മരിച്ചു. സൗമ്യയെ തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ അജാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അജാസിന്റെ വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലല്ലെന്ന് ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശ്വാസകോശം പൊള്ളലേറ്റ നിലയിലായിരുന്നു. കഴിഞ്ഞ ദിവസം അജാസിന് ഡയാലിസിസ് ആരംഭിച്ചിരുന്നു.

60 ശതമാനത്തോളം പൊള്ളലേറ്റ അജാസ് തീവ്രപരിചരണ ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞത്.

അതേസമയം സൗമ്യയുടെ സംസ്‌കാരം നാളെ രാവിലെ 10ന് ശേഷം വീട്ടുവളപ്പില്‍ നടക്കും. ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 9ന് വള്ളികുന്നം പൊലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ വിലാപയാത്രയായി ഊപ്പന്‍തറ വീട്ടില്‍ എത്തിക്കും.

Top