രണ്ടാം പിണറായി സര്‍ക്കാര്‍; മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മെയ് 20 -ന് മൂന്ന് മണിമുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എല്ലാ മന്ത്രിമാരും സത്യവാചകം ചൊല്ലി അധികാരത്തിലേറി. രാഷ്ട്രീയചരിത്രം തിരുത്തി തുടര്‍ഭരണം നേടിയ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി അബ്ദുറഹ്മന്‍, ജിആര്‍ അനില്‍, കെഎന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദന്‍ മാസ്റ്റര്‍, പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വിഎന്‍ വാസവന്‍, വീണ ജോര്‍ജ് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്കുള്ള പ്രവേശനം. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 17 പുതുമുഖങ്ങളാണ് രണ്ടാം പിണറായി മന്ത്രിസഭയിലുള്ളത്. മുഖ്യമന്ത്രിക്ക് പുറമെ ജെഡിഎസിലെ കെ കൃഷ്ണന്‍ കുട്ടി, എന്‍സിപിയിലെ എകെ ശശീന്ദ്രന്‍, സിപിഐഎമ്മിനെ കെ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം വഹിച്ച് മുന്‍പരിചയമുള്ളത്. മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. സത്യപ്രതിജ്ഞാചടങ്ങിന് ശേഷം വകുപ്പുവിഭജനം സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണര്‍ അംഗീകരിക്കുന്നതോടെ വിജ്ഞാപനമിറങ്ങും. ആഭ്യന്തരം, വിജിലന്‍സ്, ഐടി, പൊതുഭരണം എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കൈകാര്യം ചെയ്യും. ആദ്യ മന്ത്രിസഭ യോഗവും ഇന്ന് വൈകുന്നേരം 5.30ന് നടക്കും. ഗവര്‍ണറുടെ ചായ സല്‍ക്കാരത്തിന് ശേഷമാണ് മന്ത്രിസഭ യോഗം നടക്കുക. ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകും.

മുഖ്യമന്ത്രിയുള്‍പ്പടെയുള്ള ഭൂരിപക്ഷം സിപിഐഎം മന്ത്രിമാരും സിപിഐ മന്ത്രിമാരും ‘സഗൗരവ’മാണ് സത്യവാചകം ഏറ്റുചൊല്ലിയത്. ആരോഗ്യമന്ത്രിയായി ചുമതലയേറ്റ വീണാ ജോര്‍ജ് ഇതില്‍ നിന്ന് വ്യത്യസ്തമായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

ഘടകകക്ഷികളില്‍ എന്‍സിപിയുടെ എ കെ ശശീന്ദ്രന്‍ ഒഴികെ എല്ലാവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. എ കെ ശശീന്ദ്രന്‍ സഗൗരവം സത്യവാചകം ഏറ്റുചൊല്ലിയപ്പോള്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച് ന്യൂനപക്ഷ ക്ഷേമം പ്രവാസി കാര്യം, ഹജ്ജ് വകുപ്പ് മന്ത്രി പദത്തിലേക്കുന്ന വി അബ്ദുറഹ്മാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. തുറമുഖ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവില്‍ അല്ലാഹുവിന്റെ നാമത്തില്‍ ആണ് സത്യവാചകം ചൊല്ലിയത്.

Top