മദനിക്ക് വേണ്ടി പിണറായി ഇടപെടുന്നു; മദനിയുടെ സുരക്ഷ കേരളം ഉറപ്പാക്കും

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള മദനിയുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. മദനിയുടെ സുരക്ഷ കേരളം ഉറപ്പാക്കാമെന്നും, ഇക്കാര്യം സൂചിപ്പിച്ച് കർണ്ണാടക സർക്കാരിന് കത്തയക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കർണ്ണാടക സർക്കാർ ആവശ്യപ്പെട്ട സുരക്ഷാച്ചെലവിനുള്ള തുക കെട്ടിവെയ്ക്കാൻ സാദ്ധ്യമല്ലാത്തതിനാലാണ് മദനിയുടെ യാത്ര പ്രതിസന്ധിയിലായത്. 15 ലക്ഷം രൂപ കെട്ടിവെയ്ക്കാനില്ലാത്തതിനാൽ കേരളത്തിലേക്കില്ലെന്ന് മദനിയും അറിയിച്ചിരുന്നു. തുടർന്നാണ് പ്രശ്നം പരിഹരിക്കാൻ കേരളം ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിഡിപി നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മദനിയെ കർണ്ണാടക പോലീസ് അതിർത്തി വരെ എത്തിച്ചാൽ തുടർന്നുള്ള സുരക്ഷ കേരളം ഏറ്റെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പിഡിപി നേതാക്കൾ പറഞ്ഞു. കർണ്ണാടക സർക്കാരിന് ആദ്യം കത്തയക്കാമെന്നും, ഇതിന്റെ മറുപടി ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതായും പിഡിപി നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, കർണ്ണാടക സർക്കാരിന്റെ പുതിയ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും മദനിയുടെ അഭിഭാഷകർ തീരുമാനിച്ചു. കർണ്ണാടക സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ മകന്റെ വിവാഹ ദിവസം മാത്രം കേരളത്തിൽ വന്നുപോകാനും മദനി ആലോചിക്കുന്നുണ്ട്. ആഗസ്റ്റ് ഒന്നു മുതൽ 14 വരെ കേരളത്തിൽ പോകാനാണ് മദനിക്ക് അനുമതി ലഭിച്ചിട്ടുള്ളത്.

Top