ഡല്‍ഹി: തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ബിജെപി തിരുത്തലുകള്‍ തുടങ്ങി. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഉണ്ടായിരുന്ന പികെ കൃഷ്ണദാസിനെ ചുമതലയില്‍ നിന്നും നീക്കി. അഞ്ച് സീറ്റുണ്ടായിരുന്നത് ഒറ്റ സീറ്റായി തെലങ്കാനയില്‍ ചുരുങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് അഴിച്ചുപണി.
വോട്ടുശതമാനവും തെലങ്കാനയില്‍ കുറഞ്ഞിട്ടുണ്ട്. അമിത് ഷാ, യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കള്‍ എത്തി വലിയ പ്രചാരണം തെലങ്കാനയില്‍ നടത്തിയെങ്കിലും വോട്ടിങ്ങില്‍ പ്രതിഫലനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കൃഷ്ണദാസിനെ മാറ്റിയത്. പകരം കര്‍ണാടകത്തില്‍നിന്നുള്ള അരബിന്ദ് ലിമ്പാവലിക്കാണ് ചുമതല. കേരളത്തില്‍ എതിര്‍പക്ഷത്തുള്ള വി മുരളീധരന് ആന്ധ്രയുടെ ചുമതല ലഭിച്ചതും കൃഷ്ണദാസ് പക്ഷത്തിന് തിരിച്ചടിയാണ്.
തെലങ്കാനയുള്‍പ്പെടെ 17 സംസ്ഥാനങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചുമതലക്കാരുടെ പട്ടിക ബിജെപി പുറത്തുവിട്ടു. അടുത്തുനടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ട രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് ചുമതലക്കാര്‍ മാറി. വി മുരളീധരന് ആന്ധ്രയുടെ ചുമതല ലഭിച്ചു.