കണ്ണൂരും അഴീക്കോടും പികെ രാഗേഷ് കോണ്‍ഗ്രസിന് ഭീഷണിയാകും; സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ യുഡിഎഫ്

കണ്ണൂര്‍: കോണ്‍ഗ്രസിന് വിമത ഭീഷണിയുയര്‍ത്തിയ പികെ രാഗേഷിനെ പുറത്താക്കിയതോടെ യുഡിഎഫിന്റെ രണ്ടു സിറ്റിങ് മണ്ഡലങ്ങള്‍ നഷ്ടപ്പെട്ടേക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ശക്തി തെളിയിച്ച രാഗേഷിനോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ടെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പിന്‍വാങ്ങാന്‍ രാഗേഷ് തയ്യാറായിരുന്നില്ല. ഇതോടെയാണ് പുറത്താക്കലിലേക്ക് നീങ്ങിയത് നേരത്തെ പുറത്താക്കി വീണ്ടും തിരിച്ചെടുത്തെങ്കിലും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവുമായി രമ്യതയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. അഴിക്കോട് മണ്ഡലത്തിലും കണ്ണൂരുമാണ് പികെ രാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘടന മത്സരിക്കാനൊരുങ്ങുന്നത്. ഇതോടെ കടുത്ത മത്സരം നടക്കുന്ന അഴിക്കോട് ലീഗിന്റെ സ്ഥാനാര്‍ത്ഥിക്ക് പരാജയഭീഷണി ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല.

കടന്നപ്പള്ളിയോട് സതീശന്‍ പാച്ചേനി ഏറ്റുമുട്ടുന്ന കണ്ണൂരിലുമാണ് യു.ഡി.എഫിന് മറ്റൊരു ഭീഷണി. തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഗേഷുമായി ഏറ്റുമുട്ടിയതോടെ കോണ്‍ഗ്രസിന് കനത്ത വിലയാണ് നല്‍കേണ്ടി വന്നത്. രാഗേഷിന്റെ വിമത പ്രവര്‍ത്തനം പാര്‍ട്ടിക്ക് ദോഷം ചെയ്യില്ലെന്ന ഡിസിസിയുടേ റിപ്പോര്‍ട്ടിനെ മറികടക്കുന്നതായിരുന്നു രാഗേഷ് നേടിയ വിജയം. പ്രഥമ കോര്‍പ്പറേഷന്‍ കോണ്‍ഗ്രസിന് നഷ്ടമാകുന്നിടം വരെ കാര്യങ്ങള്‍ എത്തി.

പള്ളിക്കുന്ന്, പുഴാതി പഞ്ചായത്തുകളുടെ ഭാഗമായിരുന്ന വാര്‍ഡുകളില്‍ കോര്‍പറേഷനിലേക്ക് രാഗേഷ് ഉള്‍പ്പെടെ എട്ടു വിമത സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. രാഗേഷ് മാത്രമാണ് ജയിച്ചതെങ്കിലും യു.ഡി.എഫിന്റെ ഉറച്ച സീറ്റുകള്‍ പലതും ഇടതുപക്ഷത്തിന്റെ കൈയിലത്തൊന്‍ ഇത് കാരണമായി. കോര്‍പറേഷനിലെ മിന്നും ജയത്തോടെ രാഗേഷ് കൂടുതല്‍ ശക്തനാവുകയായിരുന്നു. പള്ളിക്കുന്ന്, പുഴാതി മേഖലകളിലെ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തുവരുകയും ചെയ്തു. ഈ പിന്തുണ ഉറച്ച വോട്ടുകളാണെന്നതാണ് ഇപ്പോഴും രാഗേഷിനെ വിലപേശുന്നവനാക്കി നിലനിര്‍ത്തുന്നത്.

ഒരിക്കല്‍പോലും ഭരണത്തിലേറാന്‍ സാധിച്ചിട്ടില്ലാത്ത കണ്ണൂര്‍ നഗരസഭയുള്‍പ്പെടെയുള്ള മേഖലകളില്‍ അടിയൊഴുക്കുകള്‍ക്ക് ചുക്കാന്‍ പിടിക്കാനും രാഗേഷിന് സാധിച്ചു. കോര്‍പറേഷന്‍ ഭരണം കൈവിട്ടതോടെ സ്ഥിരം സമിതി സ്ഥാനങ്ങള്‍ ലഭിക്കാന്‍ രാഗേഷിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. അദ്ദേഹത്തിന്റെ ഒമ്പത് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഡി.സി.സി നേതൃമാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് രാഗേഷ് ആവശ്യപ്പെട്ടത്. എന്നാല്‍, പാര്‍ട്ടിയില്‍ പ്രാഥമികാംഗത്വം നല്‍കി തിരിച്ചെടുക്കുന്നതിലപ്പുറം ഒരു നടപടിയുമുണ്ടായില്ല. ഇതോടെയാണ് രാഗേഷും ഐക്യജനാധിപത്യ സംരക്ഷണ സമിതിയും നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തത്.

കെ. സുധാകരന്‍ മണ്ഡലം മാറിയതും ഈ ഭീഷണി കണക്കിലെടുത്താണ്. രാഗേഷിനെ പുറത്താക്കിയതിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ ബാധിക്കുക ലീഗിനെയാണ്. അഴീക്കോട് മണ്ഡലത്തില്‍ കെ.എം. ഷാജിയുടെ വിജയം അഭിമാനപ്രശ്‌നമായാണ് ലീഗ് കാണുന്നത്. രാഗേഷ് വിഭാഗം ഇവിടെ മത്സരിച്ചാല്‍ കടുത്ത ഭീഷണി തന്നെയായിരിക്കും ഷാജി നേരിടേണ്ടിവരിക.

Top