മാനന്തവാടി: പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലങ്ങളിലൊന്നായ മാനന്തവാടിയില്‍നിന്നും മല്‍സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.കെ. ജയലക്ഷ്മിയുടെ നാമനിര്‍ദ്ദേശപത്രിക തള്ളിക്കുന്നതിന് എല്‍.ഡി.എഫ്. നടത്തിയ എല്ലാ ശ്രമങ്ങളും വിഫലമായി. ഭരണാധികാരി കൂടിയായ സബ് കളക്ടര്‍ ശ്രീറാം സാംബശിവറാവു ജയലക്ഷ്മിയുടെ നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചതായി രേഖാമൂലം അറിയിച്ചു.
പട്ടികവര്‍ഗ്ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രിയായ പി.കെ. ജയലക്ഷ്മി 2011-ല്‍ മല്‍സരിച്ചപ്പോള്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയെന്നാരോപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ്. കഴിഞ്ഞ രണ്ട് വര്‍ഷമായി നിയമയുദ്ധം നടത്തിവരികയായിരുന്നു. ഹൈക്കോടതി നിരാകരിച്ച കേസ് വീണ്ടും കുത്തിപ്പൊക്കി വരണാധികാരിയായ സബ്കളക്ടറെക്കൊണ്ട് ഹിയറിംഗ് നടത്തിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിപ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം സബ്കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഇതിനിടെയാണ് പി.കെ. ജയലക്ഷ്മിയുടെ നാമനിര്‍ദ്ദേശപത്രിക തള്ളാന്‍ സാധ്യതയുള്ളതായും തള്ളിയതായും ചില മാധ്യമങ്ങള്‍ പ്രചരണം നടത്തിയത്. മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ രണ്ടുദിവസമായി വ്യാജവാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് നവമാധ്യമങ്ങളും വിഷയം ഏറ്റെടുത്തിരുന്നു.
പട്ടികവര്‍ഗ്ഗക്കാരി കൂടിയായ പി.കെ. ജയലക്ഷ്മിക്ക് എതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിലായിരുന്നു മാധ്യമവാര്‍ത്തകളത്രയും. ഇതിനെതിരെ യു.ഡി.എഫ്. പ്രതികരിക്കുകയും കോടതിയെ സമീപിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. നാമനിര്‍ദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധനാ വേളയില്‍ ഏഴ് ആരോപണങ്ങളും ഇവര്‍ ഉന്നയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ സി.പി.എമ്മിലെ ഒ.ആര്‍. കേളു ഇത്തവണ നല്‍കിയ സത്യവാങ്മൂലത്തിലും തെറ്റുകള്‍ ഉണ്ടെന്ന് യു.ഡി.എഫും ആരോപിച്ചു. 2011-ല്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക നല്‍കിയപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോഴും എസ്.എസ്.എല്‍.സി. എന്നാണ് വിദ്യാഭ്യാസ യോഗ്യത കേളു രേഖപ്പെടുത്തിയത്.
എന്നാല്‍ ഇത്തവണ നാമനിര്‍ദ്ദേശപത്രിക കൊടുത്തപ്പോള്‍ എസ്.എസ്.എല്‍.സി. തോറ്റു എന്നാണ് സത്യവാങ്മൂലം നല്‍കിയത്. നിലവില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഒ.ആര്‍. കേളു വ്യാജ സത്യവാങ്മൂലം നല്‍കിയാണ് ബ്ലോക്ക് പഞ്ചായത്ത് അംഗമായതെന്നും ഇതിനെതിരെ മാനന്തവാടി കോടതിയെ സമീപിക്കുമെന്നും യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു.
ഇക്കാര്യം സൂക്ഷ്മപരിശോധനാ വേളയില്‍ യു.ഡി.എഫും ഉന്നയിച്ചു. ഇതേതുടര്‍ന്ന് സൂക്ഷ്മപരിശോധന ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെക്കുകയും എല്ലാ മുന്നണികളുടെയും പ്രതിനിധികളെയും സ്ഥാനാര്‍ത്ഥികളെയും വീണ്ടും ഉച്ചക്ക് മൂന്ന് മണിയോടെ വിളിച്ചുചേര്‍ത്ത് ഇരുവരുടെയും പത്രിക സ്വീകരിക്കുന്നതായി സബ്കളക്ടര്‍ അറിയിച്ചു.
മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നൂറുകണക്കിന് യു.ഡി.എഫ്. പ്രവര്‍ത്തകരും ആര്‍.ഡി.ഒ. ഓഫീസ് പരിസരത്ത് എത്തിയിരുന്നു. പ്രമുഖ മാധ്യമങ്ങളുടെ എല്ലാ പ്രതിനിധികളും എത്തിയെങ്കിലും വ്യാജവാര്‍ത്ത നല്‍കിയ ചാനലുകളുടെ പ്രതിനിധികള്‍ മാനന്തവാടിയിലെത്തിയില്ല.
ജനാധിപത്യത്തിന്റെ വിജയമാണെന്നും സത്യം ജയിച്ചുവെന്നും മന്ത്രി ജയലക്ഷ്മി പ്രതികരിച്ചു. യഥാര്‍ത്ഥ വിധി ജനകീയ കോടതിയുടേതാണെന്നും 16ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പൊതുജനം വിധി എഴുതുമെന്നും അവര്‍ പറഞ്ഞു. 12734 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് താന്‍ കഴിഞ്ഞതവണ വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകുമെന്ന ഭീതിയാണ് എല്‍.ഡി.എഫിനെ അലട്ടുന്നത്.
മണ്ഡലത്തില്‍ 862 കോടി രൂപയുടെ വികസനം നടത്താന്‍ കഴിഞ്ഞതിനാല്‍ ഇതിനോടകം ജനങ്ങള്‍ തന്നെ സ്വീകരിച്ചുകഴിഞ്ഞതായും പര്യടനവേളയില്‍ ഇതിന്റെ പ്രതികരണങ്ങളാണ് അലയടിക്കുന്നതെന്നും അവര്‍ പറഞ്ഞു. എല്ലാവിധ കുപ്രചരണങ്ങളും ഇതോടെ അവസാനിപ്പിക്കാന്‍ എല്‍.ഡി.എഫും സംഘവും തയ്യാറാവണമെന്ന് പിന്നീട് യു.ഡി.എഫ്. നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യക്തിഹത്യ ഇനിയും തുടര്‍ന്നാല്‍ അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അവര്‍ പറഞ്ഞു.


