യുവതിയുടെ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘം യുവാവിനെ കസ്റ്റഡിയിൽ എടുത്തു: തടയാനായി എത്തിയ നാട്ടുകാർ പൊലീസിനെ ആക്രമിച്ചു; പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ഒരാൾക്ക് പരിക്ക്

കോട്ടയം: യുവതിയുടെ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘം യുവാവിനെ കസ്റ്റഡിയിൽ എടുത്തതിനെച്ചൊല്ലി ഈരാറ്റുപേട്ടയിൽ സംഘർഷം. യുവാവിനെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം തടഞ്ഞ നാട്ടുകാരും പൊലീസ് സംഘവും തമ്മിൽ ഏറ്റുമുട്ടി. പൊലീസിനെ തടഞ്ഞവർക്കു നേരെ നടത്തിയ ലാത്തിച്ചാർജിൽ ഒരാൾക്കു പരിക്കേറ്റു. പൊലീസ് ലാത്തിച്ചാർജിൽ ഓട്ടോറിക്ഷാ ഡ്രൈവറായ അനസിനാണ് പരിക്കേറ്റത്.

ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിനായാണ് ഈരാറ്റുപേട്ട സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം എത്തിയത്. ഇവിടെ എത്തിയ ശേഷം കേസിൽ ആരോപണ വിധേയനായ യുവാവിനെ പൊലീസ് സംഘം സ്‌റ്റേഷനിലേയ്ക്കു കൂട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു. ഇതിനെ എതിർത്ത് ഒരു വിഭാഗം നാട്ടുകാർ രംഗത്ത് എത്തുകയായിരുന്നു.

നാട്ടുകാർ പൊലീസ് വാഹനം തടഞ്ഞു നിർത്തിയ ശേഷം റോഡ് തടയുകയായിരുന്നു. ഇതോടെ നാട്ടുകാരും രണ്ടു സംഘമായി തിരിഞ്ഞ് വാക്കേറ്റമായി. ഒരു വിഭാഗം പ്രതിയെ നാട്ടുകാർ പൊലീസിനു കൈമാറണമെന്നും, ഇല്ലെങ്കിൽ പ്രതിയെ സ്റ്റേഷനിലേയ്ക്കു എത്തിക്കാമെന്നുമുള്ള നിലപാട് എടുത്തത്. ഇതോടെ കൂടുതൽ പൊലീസ് സ്ഥലത്ത് എത്തി. ഇതോടെ ഒരു സംഘം ആളുകൾ പൊലീസിനു നേരെ തിരിഞ്ഞു. ഇവർ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് ലാത്തിവീശിയതോടെയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ അനസിനു പരിക്കേറ്റത്.

പൊലീസും നാട്ടുകാരും തമ്മിൽ അതിരൂക്ഷമായ സംഘർഷവും, ലാത്തിച്ചാർജും ഉണ്ടായതോടെ പ്രദേശത്തെ റോഡ് ഗതാഗതം തന്നെ മണിക്കൂറുകളോളം തടസപ്പെട്ടു. ഇതേ തുടർന്നു, നഗരസഭ അംഗം അനസ് പാറയിലിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. എന്നാൽ, നിരപരാധിയെ പിടികൂടാൻ ശ്രമിച്ചാണ് പ്രശ്‌നങ്ങൾക്കു കാരണമെന്ന നിലപാടാണ് അനസ് സ്വീകരിച്ചത്. വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടതായും ആനസ് ആരോപിക്കുന്നു. സംഭവത്തിൽ സംഘർഷമുണ്ടാക്കിയവർക്കെതിരെ പൊലീസ് കേസെടുത്തു.

Top