കന്യാസ്ത്രീയ്‌ക്കെതിരെ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തേക്കും

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വാര്‍ത്താ സമ്മേളനത്തില്‍ അപകീര്‍ത്തിപ്പെടുത്തി പ്രസ്താവനയിറക്കിയ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ കേസെടുത്തേക്കും. സാമൂഹ്യ മാധ്യമങ്ങളിലും ഈ വിഷയത്തില്‍ പിസി ജോര്‍ജിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അപകീര്‍ത്തികരമായ പ്രസ്താവന സംബന്ധിച്ച് പോലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കന്യാസ്ത്രീ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്ന് മൊഴിയെടുക്കാതെ മടങ്ങി . ബിഷപ്പിന്റെ അറസ്റ്റിനുശേഷം പി.സി.ജോര്‍ജിനെതിരെ നീങ്ങുമെന്ന് സൂചന .

പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് പിസി ജോര്‍ജ് അപമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിസി കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചത്. ഇരയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ എംഎല്‍എയുടെ നടപടി ലജ്ജിപ്പിക്കുന്നവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞിരുന്നു. പരാമര്‍ശം ഞെട്ടിപ്പിക്കുന്നുവെന്ന് സിപിഎം പിബി അംഗം സുബാഷിണി അലിയും പ്രതികരിച്ചിരുന്നു. ദേശീയ മാധ്യമങ്ങളടക്കം പി.സി ജോര്‍ജിനെതിരായ പ്രതിഷേധം പ്രാധാന്യത്തോടെ ചര്‍ച്ചയാക്കി. പ്രമുഖരടക്കം സമൂഹ മാധ്യമങ്ങളില്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top