സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീംകോടതി വിധി പോലീസിനെയും വലച്ചുതുടങ്ങിയതായി റിപ്പോർട്ട്. സുപ്രീംകോടതി വിധിയെ തുടർന്ന് പെരുമ്പാവൂരിൽ അനാശാസ്യത്തിന് പിടികൂടിയ യുവതീയുവാക്കൾക്കെതിരെ കേസെടുക്കാനാവില്ലെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞദിവസമാണ് പുല്ലുവഴിയിലെ വാടക കെട്ടിടത്തിൽ നിന്നും നാലു സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
പുല്ലുവഴിയിൽ നിന്നും പിടികൂടിയവരെ വിട്ടയച്ചതായും, ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും, ഇവരെ നിലവിൽ താമസിച്ചിരുന്ന കെട്ടിടത്തിൽ ഇനി താമസിപ്പിക്കില്ലെന്നും കുറുപ്പംപടി പോലീസ് അറിയിച്ചതായും വാര്‍ത്തകള്‍ പുറത്തു വരുന്നു.
അനാശാസ്യത്തിന് പിടികൂടിയവരെല്ലാം പ്രായപൂർത്തിയായവരായിരുന്നു. ഇവർ ഉഭയസമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്ന് വാദിച്ചാൽ കേസിൽ തിരിച്ചടിയാകുമോ എന്ന് ഭയന്നാണ് പോലീസ് കേസെടുക്കാതെ വിട്ടയച്ചത്. പുതിയ സ്വകാര്യതാ നിയമവും ഇവർ ചൂണ്ടിക്കാണിച്ചാൽ പുലിവാല് പിടിക്കുമെന്നാണ് പോലീസ് പറയുന്നത്.
പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം വ്യാപകമാണെന്ന മാധ്യമ വാർത്തകളെ തുടർന്നാണ് പോലീസ് പ്രദേശത്ത് പരിശോധന നടത്തിയത്.
കെട്ടിടത്തിലെ മുകൾ നിലയിൽ നിന്നാണ് അനാശാസ്യം ആരോപിച്ച് അന്യസംസ്ഥാനക്കാരായ യുവതീയുവാക്കളെ പോലീസ് പിടികൂടിയത്.
ഇതിനിടെ പിടിയിലായവർ തങ്ങൾ ഭാര്യാ ഭർത്താക്കന്മാരാണെന്ന് വിളിച്ചു പറഞ്ഞെങ്കിലും ഇതൊന്നും വകവയ്ക്കാതെ പോലീസ് ഇവരെയെല്ലാം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പരിശോധനയ്ക്കെത്തിയ പോലീസിനെതിരെയും മാധ്യമപ്രവർത്തകർക്കെതിരെയും കെട്ടിടത്തിലുണ്ടായിരുന്ന തോമസ് എന്നയാൾ അക്രമം നടത്താൻ ശ്രമിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി. സ്ഥലത്ത് നിന്നും വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച തോമസിനെ ആദ്യം നാട്ടുകാർ തടഞ്ഞുവെച്ചു.
തടഞ്ഞുവെച്ച നാട്ടുകാർക്ക് നേരെ വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും തോമസ് ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. വീണുകിടന്നിട്ടും അസഭ്യം പറയുന്നത് തുടർന്ന തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.
പുല്ലുവഴിയിലെ കെട്ടിടത്തിൽ നിന്നും പിടികൂടിയവരെയെല്ലാം ആദ്യം പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലും പിന്നീട് കുറുപ്പംപടി സ്റ്റേഷനിലുമാണെത്തിച്ചത്. ഇവരുടെ തിരിച്ചറിയൽ രേഖകൾ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു പോലീസ് ആദ്യം തീരുമാനിച്ചത്.
പിറ്റേദിവസം രാവിലെ വരെ സ്റ്റേഷനിൽ പാർപ്പിച്ച എല്ലാവരെയും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പോലീസും വ്യക്തമാക്കി.


