കൊച്ചി: സര്‍വീസ് പിസ്റ്റളില്‍ നിന്ന് വെടിയേറ്റ് കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തൃപ്പൂണിത്തുറ എ.ആര്‍. ക്യാമ്പിലെ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് എറണാകുളം ഇരുമ്പനം കളച്ചിങ്കല്‍ വീട്ടില്‍ സാബു മാത്യുവാണ് മരിച്ചത്. പുലര്‍ച്ചെ 1.45ന് ഡ്യൂട്ടി കഴിഞ്ഞ് പൊലീസ് വാഹനം വാഴക്കാലയില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് സംഭവം.
അബദ്ധത്തില്‍ വെടി പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. വയറിന് മുകളിലായി വെടിയേറ്റ സാബുവിനെ സഹപ്രവര്‍ത്തകര്‍ എറണാകുളം മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകട സമയത്ത് ഡ്രൈവറും ഒരു പൊലീസുകാരനും വാഹനത്തിലുണ്ടായിരുന്നു.
വാഹനത്തിന്‍റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു സാബു. തനിക്ക് വെടിയേറ്റെന്ന് സാബു പറഞ്ഞതായി വാഹനത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.
തൊട്ടടുത്തു നിന്ന് വെടിയേറ്റതിനാല്‍ ഉണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇരുമ്പനം സ്വദേശിയായ സാബു മാത്യുവിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.


