കത്തോലിക്ക സഭയില്‍ ലൈംഗിക പീഡന കേസുകള്‍ വര്‍ധിക്കുന്നു, ബിഷപ്പുമാരുടെ യോഗം വിളിച്ച് മാര്‍പാപ്പ

കത്തോലിക്ക സഭയില്‍ വൈദികര്‍ കുറ്റാരോപിതരായ ലൈംഗിക പീഡന കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യോഗം വിളിച്ചു. ലോകത്തെ എല്ലാ ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റുമാരുടെയും യോഗമാണ് വിളിച്ചത്. വത്തിക്കാനില്‍ അടുത്ത വര്‍ഷം 21 മുതല്‍ 24 വരെയാണ് സുപ്രധാന യോഗം നടക്കുക. ഇതാദ്യമായാണ് കത്തോലിക്ക സഭയില്‍ ഇത്തരത്തിലുള്ള യോഗം നടക്കുന്നത്.

നൂറോളം ബിഷപ്പുമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കര്‍ദിനാള്‍ സംഘത്തിന്റെ ഉപദേശപ്രകാരമാണ് തീരുമാനം.യുഎസ് കത്തോലിക്ക പളളിയിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിനു ഒരു ദിവസം മുന്‍പാണ് ഇത്തരത്തിലൊരു യോഗത്തെക്കുറിച്ച് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. ഒന്‍പത് കര്‍ദിനാള്‍മാര്‍ ഉള്‍പ്പെട്ട സംഘം കഴിഞ്ഞ മൂന്ന് ദിവസം വത്തിക്കാനില്‍ നടത്തിയ പ്രത്യേക യോഗത്തിനു ശേഷമാണ് ബിഷപ്പുമാരുടെ സമ്മേളനം വിളിക്കണമെന്ന് മാര്‍പ്പാപ്പയോട് ആവശ്യപ്പെട്ടത്.

മാര്‍പ്പാപ്പയുടെത് ബാലപീഡകരെ സംരക്ഷിക്കുന്ന നയമാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മാര്‍പ്പാപ്പയുടെ നേതൃത്വവും പാരമ്പര്യവും സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹത്തിന്റെ സഹായികളും വിശ്വസിക്കുന്നു.

Top