ക്ഷേത്രമുറ്റത്ത് തിരിതെളിയിക്കാന്‍ പള്ളിവികാരിയും

നാടിന്റെ ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കുവേണ്ടി കമ്മാടം ക്ഷേത്രമുറ്റത്ത് ആയിരങ്ങള്‍ ലക്ഷം ദീപങ്ങള്‍ തെളിച്ചപ്പോള്‍ അതിലൊരു ദീപം തെളിയിക്കാന്‍ ഇടവക വികാരിയും. കാസര്‍കോഡ് കിഴക്കന്‍ മേഖലയിലെ കമ്മാടം ഭഗവതി ക്ഷേത്രത്തിലെ ലക്ഷം ദീപസമര്‍പ്പണത്തിനാണ് മണ്ഡപം സെന്റ് ജോസഫ് പള്ളിവികാരി ഫാദര്‍ ജോണ്‍ മുല്ലക്കര ക്ഷേത്രനടയിലെ കല്‍വിളക്കില്‍ ദീപം തെളിയിച്ച് മതസൗഹാര്‍ദ്ദത്തിന്റെ പുത്തന്‍ മാതൃകള്‍ സൃഷ്ടിച്ചത്. ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ലക്ഷംദീപ സമര്‍പ്പണം നടത്തുന്നത്. ആദ്യമായി നടത്തിയ ദീപസമര്‍പ്പണം എല്ലാത്തരത്തിലും മാതൃകയാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ക്ഷേത്രം ഭാരവാഹികളും ഇടവക വികാരിയും. ലക്ഷം ദീപ സമര്‍പ്പണത്തിന് ദിവസങ്ങള്‍ക്കു മുമ്പേ ഭാവരവാഹികള്‍ ഫാദര്‍ ജോണിനെയും ക്ഷണിച്ചിരുന്നു. ക്ഷണിക്കാനെത്തിയവരോട് ചടങ്ങിനെക്കുറിച്ച് ചോദിച്ചറിഞ്ഞ മുല്ലക്കരയച്ചന്‍ ചടങ്ങില്‍ തിരിതെളിയിക്കാന്‍ നേരത്തെതന്നെ എത്താമെന്ന് അറിയിക്കുകയായിരുന്നു. തികഞ്ഞ വ്രതശുദ്ധിയോടെ വിശ്വാസികളെല്ലാം ദീപം തെളിയിക്കുമ്പോള്‍ പുരോഹിതവേഷം അണിഞ്ഞ് മുല്ലകരയച്ചനും നിലകൊണ്ടത് നന്മനിറഞ്ഞ കാഴ്ചയായിരുന്നു. ക്ഷേത്രമുറ്റത്ത് ലക്ഷം ദീപങ്ങള്‍ തെളിഞ്ഞതിന് ശേഷമാണ് മുല്ലക്കരയച്ചന്‍ ക്ഷേത്രമുറ്റത്തുനിന്ന് ഇറങ്ങിയത്. ക്ഷേത്രം ഭാരവാഹികളോടും വിശ്വസികളോടും പള്ളിക്കാര്യങ്ങളിലും സഹകരണം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഫാദര്‍ മടങ്ങിയത്.

Top