തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. വിവിധ വിഷയങ്ങൾ ഉന്നയിച്ച് സർക്കാർ അനുഭാവപൂർണമായ നിലപാടെടുക്കുമെന്ന സൂചന ലഭിച്ചതോടെയാണ് സമരം മാറ്റി വെച്ചത്.
നേരത്തെ, ഗതാഗത മന്ത്രി ആൻറണി രാജു ബസ് ഉടമകളുമായി ചർച്ച നടത്തിയിരുന്നു. വിശദമായ പഠനത്തിനും ചർച്ചക്കും ശേഷം മാത്രം നിരക്ക് വർധനയിൽ തീരുമാനിക്കുമെന്ന് മന്ത്രി ഉടമകളെ അറിയിച്ചു.
വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധനയടക്കമുള്ള ആവശ്യങ്ങൾ സർക്കാറിനെ അറിയിച്ച് ഒരുമാസം കഴിഞ്ഞിട്ടും തീരുമാനം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. ക്രിസ്മസ് അടുത്തിരിക്കേ പണിമുടക്കിലേക്ക് പോകുന്നത് പൊതുജനത്തിന് ബുദ്ധിമുട്ടാകും എന്ന കാര്യവും സമരസമിതി പരിഗണിച്ചുവെന്നാണ് നേതാക്കൾ അറിയിച്ചത്.
മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ ബസ്ചാർജ് മിനിമം ആറു രൂപയാക്കുക, ഡിസംബർ 31 വരെയുള്ള റോഡ് ടാക്സ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.


