ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ ഉത്തരവായി പുറത്തിറക്കി സർക്കാർ.എൽജിഎസ് കാലാവധി ഓഗസ്റ്റ് വരെ നീട്ടി; സിപിഒ ലിസ്റ്റില്‍നിന്ന് നിയമനമില്ല

കൊച്ചി:ഉദ്യോഗതല ചർച്ചയിൽ ഉദ്യോഗാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ ഉത്തരവായി പുറത്തിറക്കി സർക്കാർ. എൽജിഎസ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകി. എൽജിഎസ് റാങ്ക് ലിസ്റ്റ് ഈ വർഷം ഓഗസ്റ്റ് വരെ നീട്ടാനും തീരുമാനമായി.സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അവസാനിപ്പിക്കാനുള്ള പുതിയ ഉറപ്പുകളൊന്നും സർക്കാർ ഉത്തരവിലില്ല. സിവിൽ പൊലീസ് ഓഫിസറുടെ ലിസ്റ്റിൽനിന്നും 7,580 പേരിൽ 5,609 പേർക്ക് പിഎസ്‌സി അഡ്വൈസ് നൽകിയതായും സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയായതിനാൽ അതിൽനിന്ന് നിയമനം നടത്താന്‍ കഴിയില്ലെന്ന് ഉദ്യോഗാർഥികളെ അറിയിച്ചതായും ഉത്തരവിൽ പറയുന്നു. കൃത്യമായ ഉത്തരവ് ഇറങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.

ഉദ്യോഗാർഥികളെ അറിയിച്ച കാര്യങ്ങളായി സർക്കാര്‍ ഉത്തരവിൽ പറയുന്നതിങ്ങനെ: ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി 2021 ഓഗസ്റ്റ് 4 വരെ നീട്ടിയിട്ടുണ്ട്. ഇതുവരെ ഏകദേശം 6000 പേർക്ക് റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നൽകി. പരമാവധി ഒഴിവുകൾ റിപ്പോർട്ടു ചെയ്യാൻ വകുപ്പുകൾക്കു നിര്‍ദേശം നൽകി. പരമാവധി ഉദ്യോഗാർഥികൾക്കു നിയമനം നൽകാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. നിയമപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങൾ ചെയ്ത് ലിസ്റ്റിൽനിന്നും പരമാവധി ഉദ്യോഗാർഥികൾക്ക് നിയമനം നൽകുകയെന്നതാണ് സർക്കാർ നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കഴിഞ്ഞ 20 നാണ് സർക്കാരും ഉദ്യോഗാർത്ഥികളും തമ്മിൽ ചർച്ച നടത്തിയത്. ഉദ്യോഗാർത്ഥികൾ തങ്ങളുടെ ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചു. ഇക്കാര്യങ്ങൾ അംഗീകരിച്ചാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാൻ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി. അതേസമയം, സിപിഒ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതിനാൽ ഇനി നിയമനമില്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി. സിപിഒ ലിസ്റ്റിൽ 7,580 പേരിൽ 5,609 പേർക്ക് നിയമനം നൽകിയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

സർക്കാരിന്റേത് ഉത്തരവായി കാണാൻ കഴിയില്ലെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. ഏതൊക്കെ തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്, എത്രത്തോളം ഒഴിവുകൾ ഉണ്ട് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്തണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പരിശോധിച്ചുവരികയാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 5 വർഷക്കാലത്താണ് ഏറ്റവും കൂടുതൽ തസ്തികകൾ സൃഷ്ടിച്ചതും നിയമനം നടത്തിയതും എന്ന വസ്തുത റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികളെ അറിയിച്ചതായും ഉത്തരവിൽ പറയുന്നു. ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്ത് നിയമനം നടത്തും. സർക്കാരിന് ഉദ്യോഗാർഥികളോട് സൗഹാർദപരമായ സമീപനമാണെന്നും ഉത്തരവിൽ പറയുന്നു.

Top