കുരിശ് മറയാക്കി ഭൂമി കയ്യേറുന്നത് യൂദാസിന്റെ അനുയായികള്‍’; മുഖ്യമന്ത്രിയുടെ നിലപാട് തരംതാണതെന്ന് പിടി തോമസ്‌

കൊച്ചി: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിനെ പിന്തുണച്ച് പിടി തോമസ് എംഎല്‍എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചതിനെ പിന്തുണച്ച് പിടി തോമസ് രംഗത്തെത്തിയത്. യേശുവിനെ കുരിശില്‍ തറക്കാന്‍ ഒറ്റുകൊടുത്ത യൂദാസിന്റെ അനുയായികളാണ് കുരിശ് മറയാക്കി സര്‍ക്കാര്‍ ഭൂമി കയ്യേറുന്നതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പിടി തോമസ് കുറിച്ചു. കുരിശ് ദുരുപയോഗം ചെയ്ത് പാപ്പാത്തിചോലയില്‍ ഭൂമി കയ്യേറിയവരെ പുറത്താക്കാന്‍ സഭ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ കുരിശ് പൊളിക്കാന്‍ ഉത്തരവിട്ട് വൈകീട്ട് കുരിശ് പൊളിച്ചതിനെതിരെ വിലപിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് വര്‍ഗീയ പ്രീണനവും തരംതാണ നിലപാടുമാണെന്നും അദ്ദേഹം തുറന്നടിച്ചു. കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട മുഖ്യമന്ത്രി ഇപ്പോള്‍ ഒഴിപ്പിക്കലിനെതിരെ ആക്രോശിക്കുന്നത് രാഷ്ട്രീയലാഭം ലക്ഷ്യമിട്ടാണ്. സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മൂന്നാറില്‍ ഭൂമി കയ്യേറിയ ജോയ്‌സ് ജോര്‍ജ് എംപിയുടേയും, എസ് രാജേന്ദ്രന്റെയും കയ്യേറ്റമൊഴിപ്പിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
അതിനിടെ മൂന്നാര്‍ കയ്യേറ്റനടപടിയില്‍ മുഖ്യമന്ത്രിയ പിണറായി വിജയന്റെ നിലപാട് പരസ്യമായി തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടുക്കിയില്‍ നടപടിയെടുക്കുമ്പോള്‍ മണിയോട് ചോദിക്കണമെന്ന വിഡ്ഢിത്തം മുഖ്യമന്ത്രി പറഞ്ഞതായി തോന്നുന്നില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.മൂന്നാറിലെ പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ച് മാറ്റിയത് വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പ്രസ്തവാനയാണോ എന്നത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം പറഞ്ഞു. മാതൃഭൂമി ന്യൂസിലെ ചോദ്യം ഉത്തരം പരിപാടിയില്‍ സംസാരിക്കവേ ആയിരുന്നു കാനത്തിന്റെ പ്രതികരണം.
അതേസമയം പാപ്പാത്തിചോലയില്‍ ത്യാഗത്തിെന്‍റ കുരിശല്ല കൈയേറ്റത്തിെന്‍റ കുരിശാണ് ഉള്ളതെന്ന് കാനം രാജേന്ദ്രന്‍. മുന്നാറില്‍ കൈയേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിയെന്ന പ്രചാരണം തെറ്റാണെന്നും കാനം പറഞ്ഞു. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന റവന്യൂ വകുപ്പിെന്‍റ നടപടി തുടരുമെന്നും അദ്ദേഹം അറിയിച്ചു. മൂന്നാറിലേത് ക്രിസ്തുവിന്റെ ത്യാഗത്തിന്റെ കുരിശല്ല, അത് കയ്യേറ്റത്തിന്റെ കുരിശാണെന്നുമാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ജെസിബി ഉപയോഗിക്കരുതെന്ന തീരുമാനത്തിലും അദ്ദേഹം പ്രതികരിച്ചു. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ജെസിബി വേണ്ട, പകരം നിശ്ചയദാര്‍ഢ്യം മതിയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചത് സര്‍ക്കാരിനോടുള്ള വെല്ലുവിളിയാണെന്നും, സര്‍ക്കാര്‍ ഭൂമി കയ്യേറിയ വന്‍കിടക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും കാനം വ്യക്തമാക്കി.മൂന്നാറില്‍ റവന്യൂ വകുപ്പ് ഒഴിപ്പിച്ച സ്ഥലത്ത് സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ വീണ്ടും കുരിശ് സ്ഥാപിച്ചിരുന്നു. അതേസമയം, മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗം വിളിക്കാനാണ് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായത്. അതുവരെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.

Top