നടിയെ ആക്രമിച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ കൂട്ടുകാരെ കാണിച്ചു; സുനിയുടെ സുഹൃത്തുക്കളില്‍ നിന്നും രഹസ്യമൊഴിയെടുക്കും; മൊബൈല്‍ ഫോണ്‍ കിട്ടാതെ വലഞ്ഞ്‌ പോലീസ്

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി മൊബൈലിലെ ദൃശ്യങ്ങള്‍ സുഹൃത്തുക്കളെ കാണിച്ചതായി സൂചന. അമ്പലപ്പുഴയിലെ സുഹൃത്തായ മനുവിനെയും മറ്റൊരാളെയും ദൃശ്യങ്ങള്‍ കാണിച്ചു എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ രഹസ്യമൊഴിയെടുക്കാന്‍ പോലീസ് കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തിന് ശേഷം അമ്പലപ്പുഴയിലെ മനുവിന്റെ വീട്ടിലേക്കാണ് സുനി എത്തിയത്. ഇവിടെ ഏറെ നേരം സുനി ചിലവഴിച്ചിരുന്നു. ഈ സമയത്താണ് നടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുഹൃത്തുക്കളെ കാണിച്ചതെന്നാണ് അറിയുന്നത്. അതേസമയം, സുനി പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇവരുടെ മൊഴി നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.
നേരത്തെ മൊബൈല്‍ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് പോലീസിനെ കുഴക്കുന്ന മൊഴികളാണ് സുനി നല്‍കിയിരുന്നത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന ഫോണ്‍ ഓടയിലെറിഞ്ഞു എന്നായിരുന്നു സുനി ആദ്യം അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ഫോണ്‍ കായലില്‍ എറിഞ്ഞെന്ന് സുനി മൊഴിമാറ്റി. ഇതിനാല്‍ തന്നെ മൊബൈല്‍ പോലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കേസില്‍ സുപ്രധാന തെളിവാണ്. മൊബൈലില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പോലീസിന് പ്രതികളില്‍ നിന്ന് മൊഴി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗോശ്രീ പാലത്തിന് കീഴില്‍ നാവികസേനയുടെ സഹായത്തോടെ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഫോണിനും മെമ്മറികാര്‍ഡിനുമായി കോയമ്പത്തൂരും ആലപ്പുഴയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. കൃത്യത്തിന് ശേഷം സുനി എത്തിയ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു.

Top